Top

'ലോട്ടറിയടിച്ച രണ്ട് കോടി എനിക്ക് കിട്ടിയാല്‍ കാര്‍ നീയെടുത്തോ'; പിന്നാലെ കാറപകടം, സിനിമയെ വെല്ലുന്ന ഒരു പ്രയാര്‍ അനുഭവം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാവശ്യത്തിനായി പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പോയി. അവിടെ വെച്ച് 100 യൂറോയുടെ (അന്നത്തെ 5,000 ഇന്ത്യന്‍ രൂപ) വിദേശ ലോട്ടറി ഒരെണ്ണമെടുത്തു.

5 Jun 2022 4:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോട്ടറിയടിച്ച രണ്ട് കോടി എനിക്ക് കിട്ടിയാല്‍ കാര്‍ നീയെടുത്തോ; പിന്നാലെ കാറപകടം, സിനിമയെ വെല്ലുന്ന ഒരു പ്രയാര്‍ അനുഭവം
X

കൊല്ലം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ മുന്‍പൊരിക്കല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട കഥയോര്‍ത്തെടുത്ത് ഉറ്റവര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രയാര്‍ മരണത്തെ മുഖാമുഖം കണ്ട അപകടമുണ്ടായത്. അതിന്റെ കഥയാകട്ടെ സിനിമയെ വെല്ലുന്നതും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാവശ്യത്തിനായി പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പോയി. അവിടെ വെച്ച് 100 യൂറോയുടെ (അന്നത്തെ 5,000 ഇന്ത്യന്‍ രൂപ) വിദേശ ലോട്ടറി ഒരെണ്ണമെടുത്തു. കുറച്ചുനാളുകള്‍ക്ക് ശേഷം ലോട്ടറിയുടെ ഫലം വന്നു. രണ്ട് കോടി എട്ട് ലക്ഷം രൂപയുടെ സമ്മാനം അടിച്ചത് പ്രയാര്‍ എടുത്ത ലോട്ടറി ടിക്കറ്റിനായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ ഏറെ കഴിഞ്ഞുപോയതിനാല്‍ ടിക്കറ്റ് കണ്ടെത്താനായില്ല. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ പ്രയാറിന്റെ ഡ്രൈവര്‍ ടിക്കറ്റ് കണ്ടെത്തി.

കളഞ്ഞുകിട്ടിയ ടിക്കറ്റുമായി പ്രയാറും ഭാര്യയും ഡ്രൈവറും കാറില്‍ യാത്ര ചെയ്യവേ ഡ്രൈവര്‍ ചോദിച്ചു- 'ഇത്രയും രൂപ കിട്ടിയാല്‍ എനിക്കെന്താണ് സാര്‍ തരിക?'. ഇപ്പോള്‍ ഈ ഓടിച്ചുകൊണ്ടിരിക്കുന്ന കാര്‍ നീയെടുത്തോ എന്ന് പ്രയാര്‍ മറുപടി നല്‍കി. പറഞ്ഞുതീരുന്നതിനിടെ തന്നെ അപകടം സംഭവിച്ചു. ഒരു കെഎസ്ആര്‍ടിസി ബസുമായി പ്രയാറിന്റെ കാര്‍ കൂട്ടിയിടിച്ചു. ഡ്രൈവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പ്രയാറിന് മാരകമായി പരുക്കേറ്റു. ഗുരുതരാവസ്ഥയില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ 90 ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഭാര്യക്കും അപകടത്തില്‍ പരുക്കേറ്റു. അപകടത്തില്‍ ടിക്കറ്റ് വീണ്ടും നഷ്ടപ്പെട്ടു. ആരെങ്കിലും ടിക്കറ്റ് കൊണ്ടുവന്നാല്‍ പകുതി പണം നല്‍കാം എന്ന ഓഫറുണ്ടായിരുന്നെങ്കിലും ആരും സമ്മാനത്തുക വാങ്ങാന്‍ എത്തിയില്ല. കോടികള്‍ നഷ്ടപ്പെട്ടതിനേക്കാള്‍ തന്റെ ഡ്രൈവറുടെ മരണമാണ് പ്രയാറിനെ വിഷമിപ്പിച്ചത്.

മറ്റൊരു കാര്‍ യാത്രയ്ക്കിടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ മരണമെന്നതും മറ്റൊരു യാദൃശ്ചികത. ഇന്നലെ വൈകിട്ട് നാലരയോടെ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് 72കാരനായ പ്രയാറിന്റെ മരണം സംഭവിക്കുന്നത്. ഹൃദയാഘാതമുണ്ടായതിനേത്തുടര്‍ന്ന് പ്രയാറിനെ വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നലെ രാത്രി എട്ടരയോടെ കൊല്ലം ചിതറയിലെ വീട്ടിലെത്തിച്ചു. നിരവധി പേരാണ് ചടയമംഗലം എംഎല്‍എ, മില്‍മ ചെയര്‍മാന്‍, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്, മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള പ്രയാറിനെ കാണാനെത്തുന്നത്. മൃതദേഹം ഇന്ന് രാവിലെ വിലാപയാത്രയായി കൊല്ലം ഡിസിസി ഓഫീസിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം 11ന് തിരികെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.

Story Highlights: 'If I get Rs 2 crore from the lottery, will you buy the car'; about Prayar Gopalakrishnan's death

Next Story