Top

'ഒരു സമുദായം മുഴുവന്‍ തീവ്രവാദികളല്ല'; മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ബിജെപി വേര്‍തിരിവ് കാണിക്കില്ലെന്ന് ജാവദേക്കര്‍

അക്രമണത്തില്‍ സിപിഐഎം മറുപടി പറയണമെന്നും പ്രകാശ് ജാവദേക്കര്‍

24 Sep 2022 7:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു സമുദായം മുഴുവന്‍ തീവ്രവാദികളല്ല; മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ബിജെപി വേര്‍തിരിവ് കാണിക്കില്ലെന്ന് ജാവദേക്കര്‍
X

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങളുണ്ടായത് കേരളത്തിലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള അക്രമങ്ങളാണ് ഉണ്ടായത്. ആര്‍എസ്എസ് ഓഫീസിനു നേരെയും ആക്രമണമുണ്ടായി. ഇതിന് സിപിഐഎമ്മാണ് ഉത്തരവാദിയെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

ഐഎസ് അടക്കമുള്ള ഭീകരസംഘടനകളിലേക്ക് കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പരാജയമാണ്. അക്രമണത്തില്‍ സിപിഐഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്രവാദത്തിനെതിരായ നടപടിയാണ് ദേശീയ അന്വേഷണ ഏജന്‍സി സ്വീകരിക്കുന്നത്. തീവ്രവാദത്തിനെതിരായ നടപടിയാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉണ്ടാകുന്നതെന്നും പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനെതിരെ പ്രതികരിച്ചത് സിപിഐഎം എംപിയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. സിപിഐഎമ്മിന് പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയുണ്ട്. പ്രാദേശിക തലങ്ങളില്‍ പലയിടത്തും സിപിഐഎമ്മും എസ്ഡിപിഐയും സഖ്യത്തിലാണ്. ആര്‍എസ്എസ് സമാധാനം ആഗ്രഹിക്കുന്ന സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുന്ന ദേശീയ ഏജന്‍സിയാണ് എന്‍ഐഎ. വ്യക്തമായ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അവര്‍ ആവശ്യമായ നടപടി സ്വീകരിച്ചത്. ആരും ആവശ്യപ്പെട്ടിട്ടല്ല, തീവ്രവാദത്തിനെതിരായ നടപടിയാണ് എന്‍ഐഎ സ്വീകരിച്ചത്. കണ്ണൂരില്‍ നിന്നുള്ളയാളാണ് മുഖ്യമന്ത്രി. കൂടുതല്‍ അക്രമങ്ങളും ഉണ്ടാകുന്നത് കണ്ണൂരിലാണ്. എന്തുകൊണ്ടാണ് ഇതെന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.

എന്‍ഐഎ അന്വേഷണങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് വന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാം. ഒരു സമുദായം മുഴുവന്‍ തീവ്രവാദികളല്ല. രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം, മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ബിജെപി വേര്‍തിരിവ് കാണിക്കില്ല. കേരളം കൂടുതല്‍ മികച്ച ഭരണം അര്‍ഹിക്കുന്നു. കേരളത്തില്‍ ഇതുവരെ ബിജെപി അധികാരത്തില്‍ വന്നിട്ടില്ല. പക്ഷെ കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: Prakash Javadekar Against Pinarayi Govt And CPIM

Next Story