Top

'അമിത വിലയെക്കുറിച്ച് ചോദിച്ചപ്പോൾ ഇവിടെയിങ്ങനെയാണെന്ന് മറുപടി' വിഷയം ചർച്ചയാക്കാൻ വേണ്ടി തന്നെയാണ് ഇടപെട്ടതെന്ന് എംഎൽഎ

പരാതിയിൽ അന്വേഷണം നടത്തി കളക്ടർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു

2 April 2022 7:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമിത വിലയെക്കുറിച്ച് ചോദിച്ചപ്പോൾ ഇവിടെയിങ്ങനെയാണെന്ന് മറുപടി വിഷയം ചർച്ചയാക്കാൻ വേണ്ടി തന്നെയാണ് ഇടപെട്ടതെന്ന് എംഎൽഎ
X

ആലപ്പുഴ: ഹോട്ടൽ ബിൽ വിവാദത്തിൽ ഇടപെട്ടത് വിഷയം ചർച്ചയാക്കാൻ വേണ്ടി തന്നെയാണെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ. അമിത വില ഈടാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ് എന്ന മറുപടിയാണ് ഹോട്ടലിൽ നിന്നും ലഭിച്ചതെന്ന് എംഎൽഎ പറഞ്ഞു. പരാതിയിൽ അന്വേഷണം നടത്തി കളക്ടർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു. വിലക്കയറ്റം ചിലർ മുതലെടുക്കുന്ന അവസ്ഥയാണ് നിലവിലുളളത്. പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമെന്നും അമിത വില ഈടാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി എംഎൽഎ പറഞ്ഞു.

അതേസമയം എംഎൽഎ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല താലൂക്കിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന തുടങ്ങി. ചേർത്തല കണിച്ചുകുളങ്ങരയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അമിത വില ഈടാക്കി എന്ന എംഎൽഎയുടെ പരാതിയെ തുടർന്ന് പരിശോധിക്കാൻ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു. ജില്ലയിലെ ഹോട്ടലുകളിൽ കളക്ടർ ഇടപെട്ട് വില ഏകീകരിക്കണം നടപ്പാക്കണം എന്നാണ് ഭക്ഷ്യവകുപ്പിൻ്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ടുളള റിപ്പോർട്ട് നാളെ കളക്ടർക്ക് കൈമാറും.

കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെയാണ് എംഎൽഎ പരാതി നൽകിയത്. വെള്ളിയാഴ്ച രാവിലെയാണ് എംഎൽഎയും ഡ്രൈവറും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചത്. രണ്ടുപേരുംകൂടി അഞ്ചപ്പവും ഓരോമുട്ട വീതമുള്ള രണ്ടു മുട്ടറോസ്റ്റും കഴിച്ചു. ജിഎസ്ടിയടക്കം വന്ന ബിൽ തുക 184 രൂപയായിരുന്നു. ''ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല'', എന്നായിരുന്നു സംഭവത്തിൽ എംഎൽഎയുടെ പ്രതികരണം.

Story highlights: PP Chitharanjan MLA responds to hotel bill controversy

Next Story