പോത്തന്‍കോട് കൊലപാതകം: ഭീതിയൊഴിയാതെ കല്ലൂര്‍ ഗ്രാമം, നിര്‍ണായകമായി സുധീഷിന്റെ മരണമൊഴി
13 Dec 2021 3:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ പട്ടാപകല്‍ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ നിര്‍ണായകമായി മരണമൊഴി. 12 അംഗ സംഘമാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയത്. ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ അക്രമി സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബന്ധുവായ സജീവിന്റെ വീട്ടില്‍ കയറി സുധീഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
അതേസമയം കേസില്‍ നിര്‍ണായകമാവുകയാണ് സുധീഷിന്റെ മരണമൊഴി. മരിക്കും മുന്‍പ് തന്നെ ആക്രമിച്ചതിന് പിന്നില്‍ ഒട്ടകം രാജേഷും ഉണ്ണിയും ഉള്‍പ്പെട്ട സംഘമാണെന്ന് സുധീഷ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മരണ മൊഴിക്ക് ദൃക്സാക്ഷിയാണ്. പൊലീസ് തേടുന്ന സ്ഥിരം കുറ്റവാളിയാണ് ഒട്ടകം രാജേഷ് എന്നാണ് വിവരം. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഒട്ടകം രാജേഷിനെയും കൂട്ടാളികളെയും നാല് വര്‍ഷം മുന്‍പ് പൊലീസ് പിടിയിലായിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് പുറത്തിറങ്ങുകയായിരുന്നു.
അതിനിടെ, കേസില്‍ പത്ത് പേര് പിടിയിലായതാണ് റിപ്പോര്‍ട്ട്. ഇതില്‍ മൂന്ന് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് എന്നും പൊലീസ് പറയുന്നു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍ കണിയാപുരം തെക്കേവിള പണയില്‍ വീട്ടില്‍ രഞ്ജിത് (28), ബൈക്ക് ഓടിച്ചിരുന്ന ചിറയിന്‍കീഴ് ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മുട്ട നിതീഷ് എന്നിവരാണു കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിനുശേഷം ബൈക്കില്‍ പോകവേ സുധീഷിന്റെ കാല് റോഡില്‍ എറിഞ്ഞയാളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ശനിയാഴ്ച തോന്നയ്ക്കല്‍ ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ പട്ടാപ്പകല്‍ നടന്ന കൊലപാതകത്തിന്റെ ഞെട്ടല്‍ മാറാതെ കഴിയുകയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കല്ലൂര്‍ ഗ്രാമവാസികള്‍. ശാന്തമായ പ്രദേശമായിരുന്ന കല്ലൂരില്‍ ഇത്തരത്തിലൊരു ആക്രമണവും കൊലപാതകവും ആദ്യമാണ്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവരെയെല്ലാം വാള്‍കാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷയമായിരുന്നു അക്രമി സംഘം ബന്ധു സജീവിന്റെ വീട്ടില്‍ ഉള്ളില്‍ വച്ച് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സജീവിന്റെ വീടിന് സമീപത്തുള്ള നാലു വീടുകളിലാണ് അക്രമികളെത്തിയത്. ഈ വീടുകളുടെയെല്ലാം ജനാലകള്‍ തല്ലിപ്പൊളിക്കുകയും സ്ത്രീകളെയുള്‍പ്പെടെ വാള്‍കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശനിയാഴ്ച മുതല്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നെങ്കിലും ആളുകളുടെ ഭയം ഇതുവരെ അകന്നിട്ടില്ല. അക്രമംകണ്ട കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഇപ്പോഴും ഭീതിയിലാണ്.