Top

വലിയ ശബ്ദം, വീര്യം കുറവ്, കമ്പക്കെട്ട് സ്‌പെഷ്യല്‍ സ്‌ഫോടക വസ്തു; എകെജി സെന്റര്‍ ആക്രമണത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നു

ജൂണ്‍ 30ന് രാത്രി 11.25 ഓടെയായിരുന്നു സ്‌കൂട്ടറിലേത്തിയ ആള്‍ സിപിഐഎം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്

24 Aug 2022 1:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വലിയ ശബ്ദം, വീര്യം കുറവ്, കമ്പക്കെട്ട് സ്‌പെഷ്യല്‍ സ്‌ഫോടക വസ്തു; എകെജി സെന്റര്‍ ആക്രമണത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നു
X

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ എറിഞ്ഞ സ്‌ഫോടക വസ്തുവില്‍ ഉപയോഗിച്ചത് പൊട്ടാസ്യം ക്ലോറേറ്റ് എന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. വെടികെട്ടിന് മാത്രം ഉപയോഗിക്കുന്ന വീര്യം കുറഞ്ഞതും ശബ്ദം കൂടുതലുമായ രാസവസ്തുവാണിത്. ഇതിന് പുറമേ പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, അലുമിനിയം പൗഡര്‍, കരി എന്നിവയുടെ സാന്നിധ്യവും രാസവസ്തുക്കളുടെ സാംപിളില്‍ നിന്നും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശബ്ദം കൂട്ടുന്നതിന് വേണ്ടിയാണ് പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചതെന്ന് കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി പറഞ്ഞു.

ജൂണ്‍ 30ന് രാത്രി 11.25 ഓടെയായിരുന്നു സ്‌കൂട്ടറിലേത്തിയ ആള്‍ സിപിഐഎം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ ഒരു മാസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞില്ല. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു.

പരിശോധിച്ച ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി. രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ച കേസ് തെളിവില്ലാതെ പ്രതിസന്ധിയിലായിരുന്നു. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡല്‍ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട ഡിയോ മോഡല്‍ വാഹനങ്ങളെല്ലാം പരിശോധിച്ചു. 350ല്‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച് ചോദ്യം ചെയ്തു. എന്നാല്‍ അക്രമിയുടെ വാഹനം ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. അതോടെ വണ്ടി കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടിയിരുന്നു.

സംഭവത്തിന് പിന്നാലെ എ കെ ജി സെന്ററിന് മുന്നില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കുകയും ചെയ്തു.വലിയ ശബ്ദം, വീര്യം കുറവ്, കമ്പക്കെട്ട് സ്‌പെഷ്യല്‍ സ്‌ഫോടക വസ്തു; എകെജി സെന്റര്‍ ആക്രമണത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നു

Next Story