
കൽപ്പറ്റ: ദുരന്തം വിതച്ച ചൂരൽമലയിലെ വീടുകളിൽ നിന്ന് ലഭിക്കുന്ന രേഖകളും സ്വർണവും പണവും ഉള്പ്പെടെ കണ്ടെത്തി ഏൽപിക്കാൻ സന്നദ്ധപ്രവര്ത്തകര് സജ്ജം. തിരച്ചിലിനിടെ കിട്ടുന്ന ഇത്തരം വസ്തുക്കള് സന്നദ്ധപ്രവര്ത്തകര് സര്ക്കാര് പ്രതിനിധികള്ക്ക് കൈമാറും. ''ഒരു വീട്ടില് നിന്ന് ഒരുപാട് പണവും സ്വര്ണവും കിട്ടി. കല്യാണം കഴിഞ്ഞ വീടാണെന്ന് തോന്നുന്നു. രേഖകളില് മുനീര് പി, അലി, സക്കീന എന്നിവരുടെ പേരുകളാണ് ഉള്ളത്. ജീപ്പ് ഡ്രൈവര് ആണെന്നാണ് തോന്നുന്നത്'', സന്നദ്ധപ്രവര്ത്തകരിലൊരാള് റിപ്പോര്ട്ടറിനോട് പറഞ്ഞു.
അതേസമയം, മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 247 ആയി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്മോര്ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്മോര്ട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.
ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു.