വടിവാളും നായ്ക്കളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം: പ്രതിയുടെ വീട്ടില്‍ കടന്ന് പൊലീസ്
അഴിച്ചുവിട്ടിരുന്നതില്‍ രണ്ട് നായ്ക്കളെ ഡോഗ് ട്രെയിനേഴ്‌സിന്റെ സഹായത്തോടെ മാറ്റിയ ശേഷമായിരുന്നു പൊലീസ് വീടിന്റെ ഗെയ്റ്റിനുള്ളില്‍ കടന്നത്
7 Jan 2023 7:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലം: ചിതറയില്‍ വടിവാളും നായയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാനൊരുങ്ങി പൊലീസ്. പ്രതി സജീവന്റെ വീട്ടില്‍ പൊലീസ് സംഘം കടന്നു. അഴിച്ചുവിട്ടിരുന്നതില്‍ രണ്ട് നായ്ക്കളെ ഡോഗ് ട്രെയിനേഴ്‌സിന്റെ സഹായത്തോടെ മാറ്റിയ ശേഷമായിരുന്നു പൊലീസ് വീടിന്റെ ഗെയ്റ്റിനുള്ളില്‍ കടന്നത്. ഫയര്‍ഫോഴ്സ് സംഘവും പൊലീസിനൊപ്പം ഉണ്ട്. എന്നാല്‍ സജീവന്‍ വാതില്‍ അകത്തുനിന്നും പൂട്ടി വീടിനകത്ത് തുടരുകയാണ്.
വ്യാഴാഴ്ച്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടില്‍ വടിവാളും റോഡ് വീലര്‍ നായയുമായി വന്ന് പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുപ്രഭ താമസിക്കുന്നത് തന്റെ അച്ചന്റെ പേരിലുള്ള വസ്തുവിലാണെന്നും വീട്ടില്‍ നിന്നും ഉടന്‍ ഇറങ്ങണമെന്നുമായിരുന്നു സജീവ് ആവശ്യപ്പെട്ടത്. നാട്ടുകാര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ പിന്തിരിപ്പിച്ചത്. വീട്ടിലേക്ക് അതിക്രമിച്ച് കടന്നതിനും ആയുധം കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഷനിലേക്ക് എത്തണമെന്ന് സജീവിനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി കൂട്ടാക്കിയില്ല. നേരെ വീട്ടിലേക്ക് പോയ പ്രതിയെ അറസറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നായ്ക്കളെ തുറന്നു വിട്ടതിനാല്‍ പൊലീസിന് വീടിന് അകത്തേക്ക് കടക്കാനായിരുന്നില്ല.
പുറത്തിറങ്ങുന്ന സമയത്ത് ഇയാളെ പിടികൂടാന്‍ സമീപത്തുള്ള വെയ്റ്റിങ് ഷെഡ്ഡില്‍ നാല് പൊലീസുകാരെ മഫ്തിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ സജീവന്‍ പുറത്തിറങ്ങിയില്ല. തുടര്‍ന്നാണ് നായ പരിശീലകരുടെ ഉള്‍പ്പടെ സഹായത്തോടെ ഇന്ന് പൊലീസ് എത്തിയത്. അതേസമയം പൊലീസിന് വീഴ്ച്ച പറ്റിയെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതി മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Police Entered The House Of The Man Who Create Ruckus Situation
- TAGS:
- Kollam
- Kerala Police
- Dog