Top

'കുഞ്ഞാലിക്കുട്ടി കിംഗ് മേക്കറാണെന്ന അഭിപ്രായം തനിക്കോ സിപിഐക്കോ ഇല്ല'; ഇപി പറഞ്ഞത് എല്‍ഡിഎഫ് നയമല്ലെന്ന് പ്രകാശ് ബാബു

ഇ പി ജയരാജന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും പ്രകാശ് ബാബു

21 April 2022 3:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാലിക്കുട്ടി കിംഗ് മേക്കറാണെന്ന അഭിപ്രായം തനിക്കോ സിപിഐക്കോ ഇല്ല; ഇപി പറഞ്ഞത് എല്‍ഡിഎഫ് നയമല്ലെന്ന് പ്രകാശ് ബാബു
X

കൊച്ചി: മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിംഗ് മേക്കറാണെന്ന അഭിപ്രായം തനിക്കോ സിപിഐക്കോ ഇല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. മുസ്ലീം ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച കണ്‍വീനര്‍ ഇ പി ജയരാജന്റെ നടപടി എല്‍ഡിഎഫിന്റെ നയമല്ലെന്നും പ്രകാശ് ബാബു റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. എല്ലാ ഘടകകക്ഷികളും ഒരുമിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് എല്‍ഡിഎഫിന്റെ നയം ആകുന്നത്. മുസ്ലീം ലിഗ് ഇടതുപക്ഷത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട് അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലാത്തതിനാല്‍ അത് എല്‍ഡിഎഫിന്റെ നയമല്ല.ഇ പി ജയരാജന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും പ്രകാശ് ബാബു വിശദീകരിച്ചു.

'മുന്നണി വിപുലീകരണം ആവശ്യമുണ്ടെങ്കില്‍ അത് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. ഇപ്പോള്‍ അങ്ങനെയൊരു ആവശ്യം ഇല്ല, മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും പല ഇടങ്ങളിലായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അന്നൊന്നും അത് പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഇന്നും അതിനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നില്ല.' പ്രകാശ് ബാബു പറഞ്ഞു.

ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് അവരുടെ നിലപാട് പറയാത്തിടത്തോളം വിഷയത്തിന് പ്രസക്തിയില്ലെന്നും പ്രകാശ് ബാബു ചൂണ്ടികാട്ടി.

പ്രകാശ് ബാബുവിന്റെ വാക്കുകള്‍-

'എല്ലാ ഘടകകക്ഷികളും ഒരുമിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് എല്‍ഡിഎഫിന്റെ നയം ആകുന്നത്. മുസ്ലീം ലിഗ് ഇടതുപക്ഷത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട് അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലാത്തതിനാല്‍ അത് എല്‍ഡിഎഫിന്റെ നയമല്ല. ഇ പി ജയരാജന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് മാത്രമേയുള്ളൂ. മുന്നണി വിപുലീകരണം ആവശ്യമുണ്ടെങ്കില്‍ അത് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. ഇപ്പോള്‍ അങ്ങനെയൊരു ആവശ്യം ഇല്ലാത്തതിനാല്‍ വിഷയത്തിന് പ്രസക്തിയില്ല. മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും പല ഇടങ്ങളിലായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അന്നൊന്നും അത് പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഇന്നും അതിനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. മുസ്ലീം ലീഗ് അവരുടെ നിലപാട് പറയാത്തിടത്തോളം കാലം വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല. യുഡിഎഫ് വിട്ട്, കോണ്‍ഗ്രസിനെ തള്ളി മുസ്ലീം ലിഗ് വരട്ടെ അപ്പോള്‍ എടുക്കാമെന്നാണ് ജയരാജന്‍ പറഞ്ഞത്. സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുക്കാതെ ജയരാജന്‍ പറഞ്ഞതുകൊണ്ട് ലീഗിനെ പാര്‍ട്ടിയിലേക്ക് എടുക്കണമെന്നില്ല. എല്‍ഡിഎഫ് പ്രതിനിധി എന്ന നിലയില്‍ അഭിപ്രായം പറയുമ്പോള്‍ ജയരാജന്‍ ആലോചിക്കേണ്ടിയിരുന്നു. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയതന്ത്രഞ്ജതയുടെ കിംഗ് മേക്കറാണെന്ന അഭിപ്രായം ഇല്ല. ഇടതുപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ആര്‍എസ്പിയെ പരിഗണിക്കുമ്പോള്‍ കുറച്ചുകൂടി സ്വീകാര്യമായിരിക്കും.'

മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടി കിംഗ് മേക്കറാണെന്ന് ഇപി അഭിപ്രായപ്പെട്ടത്.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും ജയിക്കാനുള്ള അടവു നയം സ്വീകരിക്കും. ഇന്ത്യയില്‍ ബിജെപി ഭരണം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമാണ് അതിനുളള നടപടി സ്വീകരിക്കും. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടും. കൂടുതല്‍ ബഹുജന പിന്തുണയുളള പ്രസ്ഥാനമാകും. അതൊരു മഹാമനുഷ്യ പ്രവാഹമായിരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

Next Story