Top

'ഒരു പ്രത്യേക ആക്ഷനിൽ ക്യാപ്റ്റൻ വീണ്ടും വരും, കിറ്റില്ലാത്ത നാട്ടിലേക്ക് കുറ്റിയുമായി'; തൃക്കാക്കര തോൽവിയിൽ അബ്ദുറബ്ബിന്റെ പരിഹാസം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ നേരിട്ട രീതിയിൽ കർമ്മ പദ്ധതി രൂപീകരിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിൽ കോൺഗ്രസ്.

6 Jun 2022 7:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു പ്രത്യേക ആക്ഷനിൽ ക്യാപ്റ്റൻ വീണ്ടും വരും, കിറ്റില്ലാത്ത നാട്ടിലേക്ക് കുറ്റിയുമായി; തൃക്കാക്കര തോൽവിയിൽ അബ്ദുറബ്ബിന്റെ പരിഹാസം
X

മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നുവെന്ന് പരിഹാസവുമായി മുസ്ലിം ലീ​ഗ് നേതാവ് പികെ അബ്ദുറബ്ബ്. സെഞ്ച്വറി പോ‌യ വേദന മാറുന്നതോടെ, ഒരു പ്രത്യേക ആക്ഷനിൽ ക്യാപ്റ്റൻ വീണ്ടും വരും, കിറ്റില്ലാത്ത നാട്ടിലേക്ക് കുറ്റിയുമായിട്ടെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.

''അണപ്പല്ലടക്കം തെറിക്കുന്ന വിധം അടി കിട്ടിയാൽ ആ വേദന മാറും വരെ കുറച്ചു ദിവസത്തേക്ക് മൗനം നല്ലതാണെന്നാണ്. വിദഗ്ദ ഡോക്ടർമാരുടെ (ഉപദേശക സിങ്കങ്ങളുടെ) ഉപദേശം. സെഞ്ച്വറി പോ‌യ വേദന മാറുന്നതോടെ ഒരു പ്രത്യേക ആക്ഷനിൽ ക്യാപ്റ്റൻ വീണ്ടും വരും, കിറ്റില്ലാത്ത നാട്ടിലേക്ക് കുറ്റിയുമായി..! എന്നാലും എൻ്റെ തൃക്കാക്കരക്കാരേ....! ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റ്വോ, നമ്മള് പിന്നിം കാണണ്ടേ...'' അബ്ദുറബ്ബ് പരിഹസിക്കുന്നു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ നേരിട്ട രീതിയിൽ കർമ്മ പദ്ധതി രൂപീകരിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിൽ കോൺഗ്രസ്. ജനുവരി 14 നും 15 നും ചേരുന്ന കെപിസിസി 'നവസങ്കൽപ്പ് യോഗ'ത്തിൽ ഇത് സംബന്ധിച്ച വിശദമായ ചർച്ച നടത്തും. 'തൃക്കാക്കര മോഡൽ' പയറ്റിയാൽ അനായാസം വിജയിച്ചു കയറാമെന്ന വികാരം അണികൾക്കിടയിൽ ശക്തമാണ്.

ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ലക്ഷ്യം വെച്ച് ഉദയ്പൂരിലെ ചിന്തൻ ശിബിരം തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കിയതിന് സമാനമായി സംസ്ഥാന, ജില്ലാതല സമിതികൾ രൂപീകരിച്ചേക്കും. ഇതിന് പുറമേ ഭരണം, വികസനം, ആസൂത്രണം എന്നിവ സംബന്ധിച്ച കാഴ്ച്ചപ്പാടുകളും നയങ്ങളും രൂപീകരിക്കാൻ സമിതികളും രൂപീകരിക്കും. തൃക്കാക്കര വിജയം മുന്നിൽകണ്ട് സംഘടനാ തെരഞ്ഞെടുപ്പ് നയങ്ങളിലേക്കും കോൺഗ്രസ് ഉടൻ കടക്കും. അത് കഴിഞ്ഞായിരിക്കും ബൂത്ത് തലം മുതൽ തെരഞ്ഞെടുപ്പ് നടത്തുക.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം പാർട്ടിക്ക് നേരിടേണ്ടി വന്നത് അടിത്തട്ടിലെ സംഘടനാ പ്രവർത്തനം ദുർബലപ്പെട്ടത് കൊണ്ടാണ്. എന്നാൽ എറണാകുളത്തെ സാഹചര്യം മറിച്ചായിരുന്നു. ഈ ഘട്ടത്തിൽ തൃക്കാക്കര മാതൃകയിൽ സംഘടനാ പ്രവർത്തനം നടത്തി മുന്നോട്ട് പോകാനാണ് നീക്കം.

STORY HIGHLIGHTS: PK ABDURABB AGAINST PINARAYI VIJAYAN THRIKKAKARA BYPOLL

Next Story