Top

'കഥയുണ്ടാക്കുന്നവര്‍ തുടര്‍ന്നോട്ടെ, അതൊക്കെ നമ്മള്‍ കണ്ടതാണല്ലോ'; വീണ്ടും മുഖ്യമന്ത്രിയുടെ മറുപടി

''സര്‍ക്കാരിന് നല്ല യശസ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊരു പൊങ്ങച്ചം പറയല്‍ അല്ല..''

8 Jun 2022 10:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഥയുണ്ടാക്കുന്നവര്‍ തുടര്‍ന്നോട്ടെ, അതൊക്കെ നമ്മള്‍ കണ്ടതാണല്ലോ; വീണ്ടും മുഖ്യമന്ത്രിയുടെ മറുപടി
X

സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്നാ സുരേഷിന്റെ ആരോപണത്തില്‍ വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ കഥയുണ്ടാക്കുന്നവര്‍, അത് തുടരട്ടെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ചൂണ്ടിക്കാട്ടിയാണ്, മുഖ്യമന്ത്രി തനിക്കെതിരായ ആരോപണങ്ങളെ തള്ളിക്കളയുന്നത്. സര്‍ക്കാരിനെതിരെ അന്ന് കഥയുണ്ടാക്കിയവര്‍ ഇന്നും തുടരുന്നുവെന്നും, അത് തുടരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്: ''സര്‍ക്കാരിന് നല്ല യശസ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊരു പൊങ്ങച്ചം പറയല്‍ അല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് എന്തെല്ലാം കഥകള്‍ സര്‍ക്കാരിനെതിരെ പടച്ചുകൂട്ടി. എന്തേ, എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരാന്‍ കാരണം. ജനങ്ങള്‍ നെഞ്ചുതൊട്ട് പറഞ്ഞു, ഇത് ഞങ്ങളുടെ സര്‍ക്കാരാണ്. ഞങ്ങളോടൊപ്പം നിന്ന സര്‍ക്കാരാണ്. ആപത്ഘട്ടങ്ങളില്‍ കയ്യൊഴിഞ്ഞിട്ടില്ല. അതാണ് നമുക്ക് ആവശ്യം. അതിന്റെ ഭാഗമായിട്ടാണ്, സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. തുടരുന്നതും അതേ നയമാണ്. അവര്‍ അവരവരുടേത് തുടരും കേട്ടോ. അത് നടക്കട്ടേ. അത് പല രീതിയില്‍ നടക്കും. അതൊക്കെ നമ്മള്‍ കണ്ടതാണല്ലോ. ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ല. അത് അതിന്റെ വഴിക്ക് പോകട്ടേ.''

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാസങ്ങളോളം പ്രചരിപ്പിച്ച നുണക്കഥകളാണ് ഇപ്പോള്‍ വീണ്ടും മാധ്യമങ്ങളിലൂടെ രംഗത്തിറക്കുന്നതെന്നാണ് ഇടതുപാളയം ആവര്‍ത്തിക്കുന്നത്. നുണകളുടെ ചീട്ടുകൊട്ടാരം വീണ്ടും തകര്‍ന്നുവീഴുമെന്നും ഇടതുപക്ഷം പറഞ്ഞുവയ്ക്കുന്നു.

Next Story