Top

"ഒന്നര ലക്ഷം രൂപ മറ്റ് ഉദ്യോഗസ്ഥർക്ക് നൽകാൻ..."; എംജി കൈക്കൂലിക്കേസിൽ എൽസിയുടെ ഫോൺ സംഭാഷണം പുറത്ത്

വരും ദിവസങ്ങളിൽ എൽസി സിജെയുടെ ബിരുദവും നിയമനവും പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം.

31 Jan 2022 5:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒന്നര ലക്ഷം രൂപ മറ്റ് ഉദ്യോഗസ്ഥർക്ക് നൽകാൻ...; എംജി കൈക്കൂലിക്കേസിൽ  എൽസിയുടെ  ഫോൺ സംഭാഷണം പുറത്ത്
X

എംജി സർവകലാശാലയിലെ സർട്ടിഫിക്കറ്റിനായി വിദ്യാർത്ഥിനിയിൽ നിന്നും കൈകൂലി വാങ്ങിയ കേസിൽ അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജിലൻസ്. കൈകൂലി വാങ്ങിയ സെക്ഷൻ അസിസ്റ്റന്റ് എൽസി സിജെ പണമാവശ്യപ്പെട്ട് വിദ്യാർത്ഥിനിയുമായി നടത്തിയ ഫോൺ സംഭാഷണം വിജിലൻസിന് ലഭിച്ചു. വിദ്യാർത്ഥിനിയോട് നൽകാൻ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ മറ്റ് ഉദ്യോ​ഗസ്ഥർക്ക് നൽകാനാണെന്ന് ഫോൺ സംഭാഷണത്തിൽ വ്യക്തമായതിന്റ അടിസ്ഥനത്തിലാണ് വിജിലൻസ് തീരുമാനം.

അതിനിടെ എൽസിയുടെ നിയമനം സംബന്ധിച്ചും വിവാദമുയർന്നിട്ടുണ്ട്. എൽസിയെ നിയമിക്കാൻ ഇടതു സംഘടനയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. ഇതു സംബന്ധിച്ച കത്തും പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിയമന രേഖകൾ എംജി സിൻഡികേറ്റ് പരിശോധിക്കും. എൽസിയുടെ ബിരുദത്തെക്കുറിച്ചും വിജിലൻസും അന്വേഷിക്കും.

തസ്തിക മാറ്റം വഴിയുളള അസിസ്റ്റന്റ് നിയമനത്തിൽ താഴ്ന്ന സ്കെയിലിലുളള എല്ലാ ജീവനക്കാരേയും പരി​ഗണിക്കണമെന്നാവശ്യപ്പെട്ട് 2016 ജൂലൈയിൽ ഇടതു സംഘടന എംജി വിസിക്ക് നൽകിയ കത്താണ് പുറത്തുവന്നിട്ടുളളത്. സർവകലാശാല സർവീസ് സംഘടനകളുടെ ആവശ്യപ്രകാരം ആകെയുള്ള അസിസ്റ്റന്‍റ് ഒഴിവിന്‍റെ രണ്ടു ശതമാനത്തിൽ താഴ്ന്ന സ്കെയിലിലുളളവരെ പ്രമോഷൻ വഴി നിയമിക്കണമെന്ന് തീരുമാനമായിരുന്നു. പിന്നീടത് നാലു ശതമാനമായി ഉയർത്തുകയായിരുന്നു.

2017 ൽ പുതുക്കിയ ഉത്തരവ് നിലവിൽ വന്നു. ഇതു പ്രകാരമാണ് എൽസിക്ക് നിയമനം ലഭിച്ചത്. 2016ൽ പിയൂൺ തസ്തികയിൽ നിയമനം ലഭിച്ചപ്പോൾ എൽസിക്ക് എസ്എസ്എൽസി യോ​ഗ്യതയുണ്ടായിരുന്നില്ല. പിന്നീട് അസിസ്റ്റന്‍റായി നിയമനം ലഭിച്ചപ്പോൾ എസ്എസ്എൽസി- പ്ലസ്ടു തത്തുല്യയോഗ്യതയും എംജിയിൽ നിന്ന് റെഗുലർ ബിരുദവും എൽസി സ്വന്തമാക്കിയിരുന്നു. അതേസമയം അസിസ്റ്റ്ന്റ് നിയമനത്തിനായി പിഎസ് സി നടത്തുന്ന വകുപ്പ് തല പരീക്ഷ എൽസി വിജയിച്ചിരുന്നില്ല. താരതമ്യേനെ എളുപ്പമായ ഈ പരീക്ഷ റെ​ഗുലർ ബിരുദമുളളയാൾ പസാകാത്തത് സംശയത്തോടെയാണ് വിജിലൻസ് നോക്കികാണുന്നത്. വരും ദിവസങ്ങളിൽ എൽസി സിജെയുടെ ബിരുദവും നിയമനവും പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം.

Next Story