Top

'എന്ത് മാല്‍വെയറാണ് കണ്ടെത്തിയതെന്ന് പറയുന്നില്ല'; കേന്ദ്രത്തിന് സുപ്രീം കോടതി ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ശശികുമാര്‍

'അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'

25 Aug 2022 8:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്ത് മാല്‍വെയറാണ് കണ്ടെത്തിയതെന്ന് പറയുന്നില്ല; കേന്ദ്രത്തിന് സുപ്രീം കോടതി ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ശശികുമാര്‍
X

കൊച്ചി: പെഗാസസ് കേസില്‍ കേന്ദ്രത്തിന് സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേസിലെ ഹര്‍ജിക്കാരില്‍ ഒരാളുമായ ശശി കുമാര്‍. ഫോണുകളില്‍ കണ്ടെത്തിയ മാല്‍വെയര്‍ (ചാര സോഫ്റ്റ്‌വെയര്‍) സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഒരുതരത്തില്‍ ഇതൊരു അനിശ്ചിതാവസ്ഥ തന്നെയാണെങ്കിലും സര്‍ക്കാരിന് കോടതി ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

'29 ഫോണില്‍ അഞ്ചെണ്ണത്തില്‍ മാല്‍വെയറുണ്ട് എന്നാല്‍ അത് പെഗാസസ് ആണോ എന്നതില്‍ ഉറപ്പില്ല. എന്ത് മാല്‍വെയറാണ് ഫോണുകളില്‍ കണ്ടെത്തിയിരിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയില്‍ അത് ദേശീയ സുരക്ഷയെ ബാധിക്കുമോ എന്നുള്ള സംശയമുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. എന്ത് മാല്‍വെയറാണ് കണ്ടെത്തിയതെന്ന് പരിശോധിച്ച ഫോണിന്റെ ഉടമസ്ഥരോടെങ്കിലും പറയണ്ടേയെന്ന് പരാതിക്കാരുടെ അഭിഭാഷകര്‍ ചോദിച്ചു. കോടതി ഇക്കാര്യം പരിഗണിക്കും എന്നാണ് മനസിലാക്കിയത്.

എല്ലാം ദേശീയ സുരക്ഷ എന്ന പേരില്‍ തള്ളിക്കളയാന്‍ പാടില്ല, ദേശീയ സുരക്ഷയെന്ന പേരില്‍ എന്തും ചെയ്യാം എന്നുള്ള അവസ്ഥയാകരുതെന്ന അഭിപ്രായമാണ് മറ്റൊരു പരാതിക്കാരന്റെ അഭിഭാഷകന്‍ മുന്നോട്ടുവെച്ചത്. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്തിനും ഏതിനും ദേശീയസുരക്ഷയെന്ന് പറയാന്‍ പറ്റില്ല എന്ന് കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അന്വേഷണ സമിതി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സമയം എടുക്കുമെങ്കിലും എത്രയും വേഗം ഹര്‍ജികള്‍ പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.' ഇതിലൂടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി കുമാര്‍ പറഞ്ഞു.

നിലവിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍, ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ വേണം, ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കണം തുടങ്ങിയ കാര്യങ്ങളാണ് താന്‍ അടക്കം കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 'വിശാഖ ഗെയ്ഡ്‌ലൈന് കേസിലെ പോലെ ഒരു ഗൈഡ്‌ലൈന്‍ വേണമെന്നാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശങ്ങളുണ്ടാകാം എന്നാണ് മനസിലാക്കുന്നത്. ജനങ്ങളുടെ സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ എന്ത് ചെയ്യണം എന്ത് ചെയ്യാന്‍ പാടില്ല എന്നുള്ളതില്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ വേണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.'

പെഗാസസ് കേസിന്റെ തുടക്കം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന നിസ്സഹകരണം സംബന്ധിച്ചും കോടതിയുടെ ഭാഗത്ത് നിന്ന് പരാമര്‍ശമുണ്ടായെന്ന് ശശി കുമാര്‍ വ്യക്തമാക്കി. ടെക്‌നിക്കല്‍ കമ്പനിയുടെ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത് സര്‍ക്കാര്‍ ഇപ്പോഴും സഹകരിക്കുന്നില്ല എന്നാണെന്നാണ് കോടതി തന്നെ അഭിഭാഷകന്‍ തുഷാര്‍ മേഹ്തയോട് പറഞ്ഞത്.

ഹര്‍ജിക്കാരന്‍ എന്ന നിലയില്‍ പെഗാസസ് കേസിലെ അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദിച്ചെങ്കിലും, അതിന് അനുകൂലമോ പ്രതികൂലമോ ആയ മറുപടി ചീഫ് ജസ്റ്റിസില്‍ നിന്നും ലഭിച്ചില്ല. ഇതിന്റെ ഭവിഷ്യത്ത് എന്താണ്, ഇതിലെ കുഴപ്പം എന്താണ് തുടങ്ങിയ കാര്യങ്ങള്‍ മുഴുവന്‍ മനസിലാക്കാതെ, അത് പുറത്തുവിടാമെന്നോ പ്രസിദ്ധീകരിക്കാമെന്നോ പറയാന്‍ പറ്റില്ലെന്നുമാണ് കോടതി നിലപാട്. എന്നാല്‍ ദേശീയ സുരക്ഷയെന്ന് കാട്ടി എല്ലാം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഒരുതരത്തില്‍ ഇതൊരു അനിശ്ചിതാവസ്ഥ തന്നെയാണെങ്കിലും സര്‍ക്കാരിന് കോടതി ക്ലീന്‍ചിറ്റ് നല്‍കിയിട്ടുമില്ല. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് തോന്നുന്നതെന്നും ശശി കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Pegasus Case Supreme Court Has Not Given Clean chit To Govt Says Sashi Kumar

Next Story