ഹാജരാകണമെന്ന പൊലീസ് നിര്‍ദേശം തള്ളി പിസി ജോര്‍ജ്; ബിജെപി പരിപാടിയില്‍ പങ്കെടുക്കും
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കില്ലെന്ന് പിസി ജോര്‍ജ് അറിയിച്ചത്.
28 May 2022 5:11 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദേശം തള്ളി പിസി ജോര്‍ജ്. നാളെ എത്താന്‍ സാധിക്കില്ലെന്ന് പിസി ജോര്‍ജ് ഫോര്‍ട്ട് പൊലീസിനെ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കില്ലെന്ന് പിസി ജോര്‍ജ് അറിയിച്ചത്.
നാളെ രാവിലെ എട്ട് മണിക്ക് വെണ്ണല ക്ഷേത്ര പരിസരത്തെ ബിജെപി സംഘടിപ്പിക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കാനാണ് പിസി ജോര്‍ജിന്റെ തീരുമാനം. ഇതിനായി ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ 6.30ന് തൃക്കാക്കരയിലേക്ക് പുറപ്പെടും.
തിരുവനന്തപുരം വിദ്വേഷപ്രസംഗം കേസിന്റെ അന്വേഷണത്തിനാവശ്യമായ വിവരം ശേഖരിക്കുന്നതിനായി ഹാജരാകാനാണ് പിസി ജോര്‍ജിന് പൊലീസ് നോട്ടീസ് നല്‍കിയത്.
നാളെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നിര്‍ദേശം. ഈ നീക്കത്തിന് പിന്നില്‍ സര്‍ക്കാരിന്റെ നാടകമാണെന്ന് ജോര്‍ജ് പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് പിസി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് തനിക്കെതിരെ അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയില്‍ വെച്ച് മറുപടി നല്‍കുമെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു.
- TAGS:
- PC George
- fort police