Top

'അവൾക്കൊപ്പം എന്നും'; ഫ്രാങ്കോ മുളയ്ക്കൽ വിഷയത്തിൽ പാർവതിയും റിമ കല്ലിങ്കലും രമ്യ നമ്പീശനും

'അവൾക്കൊപ്പം എന്നും' എന്ന കുറിപ്പോടെയാണ് മൂവരും തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയത്.

14 Jan 2022 11:31 AM GMT
ഫിൽമി റിപ്പോർട്ടർ

അവൾക്കൊപ്പം എന്നും; ഫ്രാങ്കോ മുളയ്ക്കൽ വിഷയത്തിൽ പാർവതിയും റിമ കല്ലിങ്കലും രമ്യ നമ്പീശനും
X

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി പാർവതി തിരുവോത്തും റിമ കല്ലിങ്കലും രമ്യ നമ്പീശനും. 'അവൾക്കൊപ്പം എന്നും' എന്ന കുറിപ്പോടെയാണ് മൂവരും തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയത്.


നേരത്തെ വിഷയത്തിൽ എഴുത്തുകാരൻ എൻഎസ് മാധവനും ട്വിറ്ററിലൂടെ പ്രതികരണവുമായി എത്തിയിരുന്നു. ''യേശു ഒരുകഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ വിത്ത് വിതയ്ക്കുവാന്‍പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറസ്ഥലങ്ങളില്‍ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാല്‍ ആഴത്തില്‍ വേരിറങ്ങാന്‍ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു.''എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്. ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയില്‍ വിധി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.

രാവിലെ 9.30 ഓടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയത്ത് കോടതിയിലെത്തിയിരുന്നു. കനത്ത സുരക്ഷയായിരുന്നു കോടതിയില്‍ വിധി പറയുന്നതിന് മുന്നോടിയായി നടപ്പാക്കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു കോടതിയിലേക്ക് കടത്തി വിട്ടത്. ബോംബ് സ്‌കോഡ് ഉള്‍പ്പെടെ കോടതിയിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. സമാനതകളില്ലാത്ത നിയമ പോരാട്ടവും സംഭവ വികാസങ്ങളുമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി തെരുവില്‍ ഇറങ്ങുന്നതുവരെ വിഷയം നീണ്ടു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.

2018 സെപ്തംബര്‍ 21ാം തീയതിയായിരുന്നു ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. 2018 സെപ്റ്റംബര്‍ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തില്‍ എത്തിച്ചു തെളിവെടുത്തു. 2018 സെപ്റ്റംബര്‍ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ 25 ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുയും ചെയ്തു.

പിന്നീട് പൊലീസ് നടപടി വൈകിയപ്പോള്‍ വീണ്ടും പ്രതിഷേധങ്ങള്‍ അരങ്ങേറി. 2019 ഏപ്രില്‍ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവര്‍ സിറ്റേഴ്‌സിന്റെ പ്രതിഷേധത്തില്‍ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഏപ്രില്‍ 9ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത. എന്നാല്‍ 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ആദ്യം അഡീഷണല്‍ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതല്‍ ഹര്‍ജി തള്ളി. 2020 സെപ്റ്റംബര്‍ 16ന് കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയില്‍ വിചാരണ തുടങ്ങി. നവംബര്‍ അഞ്ചിന് ഫ്രാങ്കോയുടെ വിടുതല്‍ പുനഃപരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളി. 2021 ഡിസംബര്‍ 29ന് വാദം കേസില്‍ വാദം പൂര്‍ത്തിയാവുകയും ചെയ്തു. കേസിലെ 84 സാക്ഷികളില്‍ 39 പേരെ വിസ്തരിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക. പ്രോസിക്യൂഷന്‍ 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല.

Next Story