Top

പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍; ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി

ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.

13 Jan 2022 7:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍; ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി
X

പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടെന്ന് സ്ഥിരീകരണം. കേസുകളുടെ വിശദാംശങ്ങള്‍ ജില്ലയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജ് അധികൃതര്‍ മറച്ച് വച്ചതായി ആരോപണവും ഉയരുകയാണ്. ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒ യോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 400 പിന്നീട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരം കഴിഞ്ഞതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണ്. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കൊവിഡ് പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഒമിക്രോണ്‍ ചെറിയ ഇന്‍കുബേഷന്‍ കാലയളവാണ് ഉള്ളതെങ്കിലും അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമിക്രോണ്‍ വന്‍തോതില്‍ പടരാം. അതിനാല്‍ എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമിക്രോണ്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. നിശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്റെ സാധ്യത കൂടി കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം.

കൊവിഡ് കേസുകള്‍ കൂടുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ വാക്‌സിനെടുക്കാനുള്ളവര്‍ എല്ലാവരും എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. ആരില്‍ നിന്നും ആരിലേക്കും ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് വരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സ്വയം സുരക്ഷ പാലിക്കണം. ഒരുമിച്ച് ധാരാളം കേസുകള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുമിച്ച് രോഗം വരാതിരിക്കാന്‍ കരുതല്‍ വേണം. നമ്മുടെ ആരോഗ്യ സംവിധാത്തിനപ്പുറത്തേക്ക് കോവിഡ് കേസുകള്‍ പോകാതിരിക്കാന്‍ എല്ലാവരും പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

Next Story