തൃശൂരിൽ നോറാ വൈറസ്; രോഗബാധയേറ്റത് സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാർത്ഥിനികൾക്കും ജീവനക്കാർക്കും
28 Nov 2021 2:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ ജില്ലയിൽ നോറാ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാർത്ഥിനികൾക്കും 4 ജീവനക്കാർക്കുമാണ് രോഗബാധ. ഹോസ്റ്റലും പ്രദേശത്തെ കിണറുകളും അണുവിമുക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.ഈ മാസം എട്ടാം തിയതി മുതൽ വിദ്യാർത്ഥികൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇവർ കൂട്ടതോടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് രോഗവിവരം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ഇവരുടെ സാംപിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നോറ വൈറസ് സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നും രോഗം പകർന്നു എന്നാണ് പ്രാഥമിക നിഗമനം. രോഗ വ്യാപനം തടയാൻ ഹോസ്റ്റലിലെ ബാക്കി വിദ്യാർത്ഥികളെ ഐസൊലേറ്റ് ചെയ്തു.
മറ്റ് ജില്ലകളിലേക്ക് പോയ കുട്ടികളുടെ വിവരങ്ങൾ അതാത് ജില്ലകളിലെ ഡിഎംഒയ്ക്ക് കൈമാറിയതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടുതൽ വിദ്യാർത്ഥികളുടെ സാംപിളുകൾ പരിശോധനയ്ക്കായി ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഉടൻ ലഭിക്കും. തൃശൂരിലെ മറ്റ് ഹോസ്റ്റലുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.