Top

'കഴിഞ്ഞ ദിവസം പോയപ്പോള്‍ ചായ തന്നു, പുള്ളിക്ക് പൈസയ്ക്ക് ഒന്നും ഒരു കുറവില്ല'; വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് നാട്ടുകാരൻ

'സൗമ്യമായി പെരുമാറുന്നയാളാണ് ഭ​ഗവൽ സിങ്'

11 Oct 2022 1:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഴിഞ്ഞ ദിവസം പോയപ്പോള്‍ ചായ തന്നു, പുള്ളിക്ക് പൈസയ്ക്ക് ഒന്നും ഒരു കുറവില്ല; വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് നാട്ടുകാരൻ
X

പത്തനംതിട്ട: ഇലന്തൂരിൽ നരബലിയുടെ പേരിൽ രണ്ടു സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയ സംഭവം വിശ്വാസിക്കാനാവാതെ നാട്ടുകാർ. കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് ഇലന്തൂരുകാർ. സൗമ്യമായി പെരുമാറുന്നയാളാണ് ഭ​ഗവൽ സിങ്. ഭ​ഗവൽ സിങിന് സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നുമുണ്ടായിരുന്നില്ലെന്നും നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവർ മനോരമ ന്യൂസിനോട് പറഞ്ഞു.

'എന്നും ഓട്ടം വരുന്ന വീടാണ് ഭ​ഗവൽ സിങ്ങിന്റേത്. കഴിഞ്ഞ ദിവസവും ഇവരുടെ വീട്ടിലേക്ക് തിരുമ്മലിനായി ആളെ കൊണ്ടുവിട്ടിരുന്നു. അപ്പോള്‍ പുളളി എനിക്ക് കുറേ പഴങ്ങളൊക്കെ തന്നു. ചായയും തന്നു. ഇവരെ കുറിച്ച് ഇങ്ങനെയൊരു സംശയമേ ഇല്ല. വിശ്വാസിക്കാന്‍ പാടാണ്. തിരുമ്മലിനൊന്നും അമിത കൂലി വാങ്ങിക്കാറില്ല. ഇയാളുടെ മകള്‍ ഗള്‍ഫിലാണ്. മകനും പെങ്ങന്മാരും നല്ല നിലയിലാണ്. നല്ല ഭൂസ്വത്ത് ഉണ്ട്. പുളളിക്ക് പൈസയ്‌ക്കൊന്നും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മുന്‍പന്തിയിലുളള വലിയ രാഷ്ട്രീയ പ്രവര്‍ത്തകനൊന്നുമല്ല. പക്ഷേ പുളളി സിപിഐഎമ്മുകാരനാണ്. അവര്‍ രണ്ടു പേരും സിപിഐഎം പ്രവര്‍ത്തകരാണ്.' ഓട്ടോ ഡ്രൈവറായ നാട്ടുകാരൻ പറഞ്ഞു.

50 കാരിയായ ലോട്ടറി കച്ചവടം നടത്തിവരുന്ന പത്മയെന്ന യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ റോസ്‌ലി എന്ന സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞു. 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന റോസ്‌ലിയെ ഏജന്റ് കബളിപ്പിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ എന്ന് പറഞ്ഞായിരുന്നു പണം വാഗ്ദാനം ചെയ്തതെന്നും പൊലീസ് പറഞ്ഞു. തൃശൂര്‍ വടക്കഞ്ചേരി സ്വദേശിനി റോസ്‌ലി കാലടിയില്‍ ലോട്ടറി കച്ചവടം നടത്തി വരവെയാണ് ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്‌ലിയെ കട്ടിലില്‍ കെട്ടിയിട്ട് തലയ്ക്ക് അടിച്ചു. പിന്നീട് ലൈലയാണ് ആദ്യം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതെന്നും പൊലീസ് പ്രതികരിച്ചു.

'ലൈലയാണ് റോസ്‌ലിയുടെ ശരീരത്തില്‍ ആദ്യം മുറിവുകള്‍ ഉണ്ടാക്കിയത്. ശേഷം സ്വകാര്യ ഭാഗത്ത് കത്തി ഉപയോഗിച്ച് കുത്തി. ആ രക്തം വീട്ടില്‍ തളിച്ചു. ഇതിലൂടെ വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്നായിരുന്നു മുഹമ്മദ് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചത്', പൊലീസ് പറഞ്ഞു. രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ ഏജന്റ് മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക അഭിവൃദ്ധി, കുടുംബത്തിന് ഐശ്വര്യം വരിക എന്ന ഉദ്യേശത്തിലാണ് ബലി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സെപ്തംബര്‍ 27നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്. അന്വേഷണത്തില്‍ യുവതിയെ കഷണങ്ങളാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

STORY HIGHLIGHTS: natives responds on elanthoor incident

Next Story