പിടി-7 കാരണം പൊറുതിമുട്ടി ജനം; വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍
ഇന്നലെ രാത്രി ധോണിയിലിറങ്ങിയ പിടി-7 എന്ന ഒറ്റയാനെ തുരത്താനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍.
29 Dec 2022 2:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: ധോണിയില്‍ നിരന്തരമായ കാട്ടാന ശല്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. മായാപുരത്ത് എത്തിയ വനം വകുപ്പിന്റെ ആര്‍ആര്‍ടി (റാപിഡ് റെസ്പോണ്‍സ് ടീം) ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു പ്രതിഷേധം. ഇന്നലെ രാത്രി ധോണിയിലിറങ്ങിയ പിടി-7 എന്ന ഒറ്റയാനെ തുരത്താനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍.
പാലക്കാട് ധോണിയില്‍ പിടി-7 എന്ന കാട്ടാനയുടെ ശല്യം രൂക്ഷമാവുകയാണ്. കാട്ടാനകൂട്ടങ്ങള്‍ കൃഷി നശിപ്പിക്കുന്നത് പതിവാക്കിയതോടെ വലിയ വെല്ലുവിളിയാണ് കര്‍ഷകര്‍ നേരിടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ധോണിയിലെ പ്രധാന ജനവാസ മേഖലയായ മായാപുരത്താണ് കാട്ടാന എത്തുന്നത്. ഇന്നലെ രാത്രി പ്രദേശത്തെ വീടുകള്‍ക്ക് നേരെയായിരുന്നു പിടി-7 ന്റെ ആക്രമണം.
കാട്ടാന ശല്യം ചെറുക്കാനുള്ള നടപടികള്‍ വനം വകുപ്പ് കൈകൊള്ളുന്നില്ലെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പിടി-7 ന്റെ പേരില്‍ സര്‍ക്കാര്‍ ഫണ്ട് വനം വകുപ്പ് ധൂര്‍ത്തടിക്കുകയാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ആര്‍ആര്‍ടി ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ച് പ്രതിഷേധിച്ചത്. ആന ശല്യം കുറക്കാനായി ഇലക്ട്രിക് ഫെന്‍സിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.
STORY HIGHLIGHTS: Natives block RRT officers in Palakkad