Top

'ദളിതര്‍ക്കും സ്വപ്‌നം കാണാന്‍ കഴിയുമെന്നതിന്റെ തെളിവ്': ദ്രൗപതി മുര്‍മു

വിവിധ മേഖലകളില്‍ സ്ത്രീകളും പെണ്‍കുട്ടികളും അവരുടേതായ വ്യക്തിമുദ്ര പതിപ്പിക്കണം എന്നാണ് തന്റെ ആഗ്രഹം

25 July 2022 6:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദളിതര്‍ക്കും സ്വപ്‌നം കാണാന്‍ കഴിയുമെന്നതിന്റെ തെളിവ്: ദ്രൗപതി മുര്‍മു
X

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കും സ്വപ്നം കാണാന്‍ കഴിയും എന്നതിന്റെ തെളിവാണ് തന്റെ യാത്രയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ദരിദ്രര്‍, ദലിതര്‍, പിന്നാക്കക്കാര്‍, ആദിവാസികള്‍ തുടങ്ങി വര്‍ഷങ്ങളായി വികസനം നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്ക് തന്നെ അവരുടെ പ്രതിബിംബമായി കാണാന്‍ കഴിയുന്നു എന്നത് സംതൃപ്തി നല്‍കുന്നുവെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുര്‍മു. തന്റെ യാത്രക്ക് പിന്നില്‍ പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ട്, കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്‌നങ്ങളും കഴിവുകളും തന്നിലൂടെ പ്രതിഫലിക്കുന്നുണ്ടെന്നും മുര്‍മു പറഞ്ഞു.

'സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയാണ് ഞാന്‍. രാഷ്ട്രപതി പദവിയിലെത്തിയത് എന്റെ വ്യക്തിഗത നേട്ടമായി കരുതുന്നില്ല. ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റേയും കൂടിയാണത്. സ്വപ്‌നം കാണാന്‍ മാത്രമല്ല, പാവപ്പെട്ടവര്‍ക്ക് അത് സഫലമാക്കാനും കഴിയും എന്നതിന്റെ തെളിവാണ് ഞാന്‍.' ദ്രൗപതി മുര്‍മു പറഞ്ഞു.

വിവിധ മേഖലകളില്‍ സ്ത്രീകളും പെണ്‍കുട്ടികളും അവരുടേതായ വ്യക്തിമുദ്ര പതിപ്പിക്കണം എന്നാണ് തന്റെ ആഗ്രഹം. രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള ദൃഢനിശ്ചയവും മുര്‍മു പ്രകടിപ്പിച്ചു. ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ഗോത്രവിഭാഗത്തില്‍ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകള്‍ ദ്രൗപദി മുര്‍മുവിനുണ്ട്.

ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഡല്‍ഹിയില്‍ വലിയ ആഘോഷപരിപാടികള്‍ ഒരുക്കിയിരുന്നു. രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗ്ഗ കലാസംഘങ്ങള്‍ ദ്രൗപദി മുര്‍മുവിന്റെ വസതിയിലേക്ക് എത്തി. ആദിവാസി മേഖലകളില്‍ രണ്ടു ദിവസം നീളുന്ന ആഘോഷപരിപാടികള്‍ ബിജെപി സംഘടിപ്പിക്കും. സ്ഥാനമൊഴിഞ്ഞ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാംവിലാസ് പസ്വാന്‍ താമസിച്ചിരുന്ന 9 ജന്‍പഥിലേക്ക് താമസം മാറ്റും.

Next Story