Top

'മറ്റുള്ളവനേക്കാള്‍ കേമന്‍ എന്ന് തെളിയിക്കാനുള്ള വ്യഗ്രത'; കലാലയങ്ങളിലെ അതിരുവിട്ട ആഘോഷങ്ങളെക്കുറിച്ച് എംവിഡി

ലഹരിയുടെ പിന്‍ബലവും ചേരുമ്പോള്‍ സന്ദര്‍ഭങ്ങള്‍ അതിഭയാനകമാവുന്നുവെന്നും എംവിഡി മുന്നറിയിപ്പ് നല്‍കുന്നു

26 March 2022 1:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മറ്റുള്ളവനേക്കാള്‍ കേമന്‍ എന്ന് തെളിയിക്കാനുള്ള വ്യഗ്രത; കലാലയങ്ങളിലെ അതിരുവിട്ട ആഘോഷങ്ങളെക്കുറിച്ച് എംവിഡി
X

തിരുവനന്തപുരം: കലാലയ മുറ്റങ്ങള്‍ അരാജകത്വത്തിന്റെ പരിശീലന കളരികള്‍ ആക്കരുതെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നടന്ന ആഘോഷ പരിപാടികള്‍ അതിരുവിട്ടതിനെത്തുടര്‍ന്നാണ് എംവിഡിയുടെ നിര്‍ദ്ദേശം. അടുത്ത കാലത്തായി ആയി ഇത്തരം ആഘോഷങ്ങളില്‍ ഒരു ചെറിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ എങ്കിലും തങ്ങളുടെ വലിപ്പത്തരം കാണിക്കാന്‍ വാഹനങ്ങളെ കൂടി ആഘോഷങ്ങള്‍ക്ക് കൂട്ടുപിടിക്കുന്നു. ഇതിനൊപ്പം ലഹരിയുടെ പിന്‍ബലവും ചേരുമ്പോള്‍ സന്ദര്‍ഭങ്ങള്‍ അതിഭയാനകമാവുന്നുവെന്നും എംവിഡി മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളില്‍ വാഹന ഉടമസ്ഥര്‍ക്കും ഓടിച്ചവര്‍ക്കു മെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു വരികയാണ്. ആഘോഷ ദിവസങ്ങള്‍, ഇലക്ഷന്‍, വര്‍ഷാന്ത്യ ദിനങ്ങള്‍ എന്നീ ദിവസങ്ങളില്‍ വാഹനം നല്‍കില്ലെന്ന് രക്ഷിതാക്കളും ഇത്തരം മോശം പ്രവണതകള്‍ തടയാനുള്ള ശക്തമായ കര്‍മ്മ പരിപാടികള്‍ സ്ഥാപന അധികൃതരും കോളേജ്- വിദ്യാഭ്യാസ വകുപ്പുകളും നടപ്പാക്കണമെന്നും എംവിഡി ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംവിഡിയുടെ മുന്നറിയിപ്പ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അരാജകത്വത്തിന്റെ പരിശീലനക്കളരികളാക്കരുത് കലാലയ മുറ്റങ്ങള്‍

കോളേജുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും വര്‍ഷാവസാന പരീക്ഷകളിലേക്ക് കടക്കുകയാണ് സ്വാഭാവികമായും സോഷ്യല്‍ഡേകളും പിരിഞ്ഞു പോകലിന് മുന്‍പുള്ള സമ്മോഹന മുഹൂര്‍ത്തങ്ങളും ആഘോഷങ്ങളും കൊണ്ട് മുഖരിതമാണ് വിദ്യാലയങ്ങളിലെ അവസാന ദിനങ്ങള്‍.

അടുത്ത കാലത്തായി ആയി ഇത്തരം ആഘോഷങ്ങളില്‍ ഒരു ചെറിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ എങ്കിലും താങ്കളുടെ വലിപ്പത്തരം (വിഡ്ഢിത്തരമോ) കാണിക്കാന്‍ വാഹനങ്ങളെ കൂടി ഇത്തരം ആഘോഷങ്ങള്‍ക്ക് കൂട്ടുപിടിക്കുന്നു.

സാധാരണഗതിയില്‍ ഇതില്‍ വിദ്യാലയങ്ങളില്‍ പോകാന്‍ വാഹനങ്ങള്‍ നല്‍കാത്ത രക്ഷിതാക്കള്‍ പോലും മക്കളുടെ നിര്‍ബന്ധം മൂലമോ അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് കടം കൊണ്ടോ ഈ ദിവസത്തെ ആഘോഷമാക്കുകയാണ്.

ആഘോഷത്തിമിര്‍പ്പും, സാഹചര്യത്തിന്റെ സാഹസികതകളും, മറ്റുള്ളവനേക്കാള്‍ കേമന്‍ എന്ന് തെളിയിക്കാനുള്ള വ്യഗ്രതകളും, സുപരിചിതമല്ലാത്ത പവര്‍ സെഗ്മന്റ് വാഹനങ്ങളുടെ കണ്‍ട്രോള്‍ സംവിധാനങ്ങളും, ചില കോളേജ് അധികൃതരുടെയെങ്കിലും നിസ്സംഗതയും, കൂട്ടിന് ചിലപ്പോള്‍ ലഹരിയുടെ പിന്‍ബലവും എല്ലാം ചേരുമ്പോള്‍ അതി ഭയനകമാവും ഇത്തരം സന്ദര്‍ഭങ്ങള്‍.

കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളില്‍ വാഹനവുടമസ്ഥര്‍ക്കും ഓടിച്ചവര്‍ക്കു മെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു വരികയാണ്. എന്നിരുന്നാലും കലാലയ ആഘോഷ ദിവസങ്ങള്‍, ഇലക്ഷന്‍, വര്‍ഷാന്ത്യ ദിനങ്ങള്‍ എന്നീ ദിവസങ്ങളില്‍ എങ്കിലും വാഹനം നല്‍കില്ലെന്ന് രക്ഷിതാക്കളും ഇത്തരം മോശം പ്രവണതകള്‍ തടയാനുള്ള ശക്തമായ കര്‍മ്മ പരിപാടികള്‍ ബന്ധപ്പെട്ട സ്ഥാപന അധികൃതരും കോളേജ്- വിദ്യാഭ്യാസ വകുപ്പുകളും ആസൂത്രണം ചെയ്ത് നടപ്പാക്കുക തന്നെ വേണം.

MVD Kerala

ജനനന്മയ്ക്ക്, ജനരക്ഷയ്ക്ക്.

STORY HIGHLIGHTS: MVD warns against students dangerous sent off celebrations in scholls and colleges

Next Story