'കോണ്‍ഗ്രസിന് സിപിഐഎം ശത്രുവായത് എങ്ങനെ?' മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം പങ്കുവച്ച് എം വി ജയരാജന്‍
''ആര്‍ എസ് എസ് അന്നും ഇന്നും കോണ്‍ഗ്രസിന്റെ മിത്രം''
31 Dec 2021 1:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തലശേരി കലാപം സംബന്ധിച്ച് മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഒ വി ജാഫറിന്റെ നടത്തിയ വെളിപ്പെടുത്തല്‍ പങ്കുവച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കലാപം തടയാന്‍ മുന്നിട്ടിറങ്ങിയ സിപിഐഎമ്മിന് ജനങ്ങളുടെ അംഗീകാരം നേടാന്‍ സാധിച്ചതും അത് തകര്‍ക്കണമെന്ന് കലാപ സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്‍ തന്നോട് പറഞ്ഞു എന്നാണ് ഒ വി ജാഫര്‍ വെളിപ്പെടുത്തിയത്.
എം വി ജയരാജന്‍ പറഞ്ഞത്: ആര്‍ എസ് എസ് അന്നും ഇന്നും കോണ്‍ഗ്രസിന്റെ മിത്രം. കോണ്‍ഗ്രസിന് സി പി ഐ എം ശത്രുവായതും ആര്‍ എസ് എസ് മിത്രമായതും എന്തുകൊണ്ടെന്ന് തലശ്ശേരി കലാപം നടക്കുമ്പോള്‍ യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവും മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയുമായ ഒ വി ജാഫറിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുകയാണ്. കോണ്‍ഗ്രസ്സിന് അന്നും ഇന്നും ആര്‍ എസ് എസ് മിത്രം തന്നെയാണ്. കലാപം തടയാന്‍ മുന്നിട്ടിറങ്ങിയ സി പി ഐ എമ്മിന് ജനങ്ങളുടെ അംഗീകാരം നേടാന്‍ സാധിച്ചതും അത് തകര്‍ക്കണമെന്ന് കലാപ സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്‍ തലശ്ശേരി റസ്റ്റ്ഹൗസില്‍ വച്ച് തന്നോട് പറഞ്ഞു എന്നാണ് ഒ വി ജാഫര്‍ വെളിപ്പെടുത്തിയത്.
മാത്രമല്ല അന്നത്തെ ഡി സി സി പ്രസിഡന്റ് എന്‍ രാമകൃഷ്ണനും സമാന രീതിയില്‍ എന്നോട് പറഞ്ഞിരുന്നു എന്നും ജാഫര്‍ പറയുകയുണ്ടായി. 1971ലെ തലശ്ശേരി കലാപം ആസൂത്രണം ചെയ്തത് ജനസംഘവും ആര്‍ എസ് എസ്സുമായിരുന്നു. കലാപത്തെ സഹായിച്ചു കൊണ്ടാണ് കോണ്‍ഗ്രസ്സ് അന്ന് പ്രവര്‍ത്തിച്ചത്. ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആര്‍ എസ് എസ്സുകാരോടൊപ്പം മുസ്ലിം വീടുകളിലും കടകളിലും കൊള്ളയും കൊള്ളി വെപ്പും നടത്താന്‍ കൂട്ടുനിന്നു. ലീഗ് ആവട്ടെ ആര്‍ എസ് എസ് നൂര്‍ജഹാന്‍ ഹോട്ടല്‍ ആക്രമിച്ചപ്പോള്‍ സദാനന്ദ പൈയ്യുടെ കട തിരിച്ചും ആക്രമിച്ച് പകരം വീട്ടാനാണ് ശ്രമിച്ചത്.
ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് തടയാന്‍ കഴിയുമെന്നാണ് ഇക്കൂട്ടര്‍ കരുതിയത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സി പി ഐ മ്മിന്റെ നേതാക്കളും പ്രവര്‍ത്തകരുമാണ് തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും സമാധാനം ഉണ്ടാക്കുന്നതിനു വേണ്ടി രംഗത്തിറങ്ങിയതെന്ന് ജസ്റ്റിസ് വിദയത്തില്‍ കമ്മീഷന്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പരിഗണിക്കാതെ ചില മാധ്യമങ്ങളും ചില കോണ്‍ഗ്രസ്സ് നേതാക്കളും തലശ്ശേരി കലാപം സി പി ഐ എമ്മിന്റെ സൃഷ്ടിയാണ് എന്ന് കള്ളം പ്രചരിപ്പിക്കുകയാണ്.
അത്തരമൊരു ഘട്ടത്തില്‍ മുന്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ സത്യം വെളിപ്പെടുത്തികൊണ്ടുള്ള അഭിമുഖം തെറ്റിദ്ധരിക്കപ്പെടുന്നവരെ തിരുത്താന്‍ സഹായിക്കുന്ന ഒന്ന് തന്നെയാണ്. സത്യം ഒരിക്കലും മൂടിവെക്കാന്‍ കഴിയില്ല . തലശ്ശേരി കലാപം ജനസംഘവും ആര്‍ എസ് എസും സംഘടിപ്പിച്ചത് തന്നെയാണ്. കോണ്‍ഗ്രസ്സ് ആവട്ടെ ആര്‍ എസ് എസിന്റെ ബി ടീം ആയിട്ടാണ് നാട്ടില്‍ അറിയപ്പെടുന്നത്. അത് ഒരിക്കല്‍ കൂടി ഒ വി ജാഫറിന്റെ വെളിപ്പെടുത്തല്‍ അരക്കെട്ടുറപ്പിക്കുന്നു.