Top

ഇവാന് ചികിത്സക്കായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാളികേരം ചോദിച്ചിറങ്ങി; സമാഹരിച്ചത് 20.50 ലക്ഷം രൂപ

മുഹമ്മദ് ഇവാനും കുടുംബത്തിനും കൈത്താങ്ങാകാന്‍ രണ്ടര ലക്ഷം നാളികേരമാണ് പ്രവര്‍ത്തകര്‍ സമാഹരിച്ചത്

29 Aug 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇവാന് ചികിത്സക്കായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാളികേരം ചോദിച്ചിറങ്ങി; സമാഹരിച്ചത് 20.50 ലക്ഷം രൂപ
X

പേരാമ്പ്ര: എസ്എംഎ രോഗം ബാധിച്ച മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാളികേര ചലഞ്ചിലൂടെ സമാഹരിച്ചത് 20.50 ലക്ഷം രൂപ. പാലേരി സ്വദേശിയായ മുഹമ്മദ് ഇവാനും കുടുംബത്തിനും കൈത്താങ്ങാകാന്‍ രണ്ടര ലക്ഷം നാളികേരമാണ് പ്രവര്‍ത്തകര്‍ സമാഹരിച്ചത്. ഇവ ലേലത്തില്‍ വിറ്റപ്പോള്‍ ലഭിച്ച തുക മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് യൂത്ത് ലീഗ് ഭാരവാഹികള്‍ കൈമാറി.

ചികിത്സയ്ക്ക് ആവശ്യമായ 18 കോടി സമാഹരിക്കുന്നതിനായി ചികിത്സാ സഹായ കമ്മിറ്റിയും വിവിധ കൂട്ടായ്മകളും സംഘടനകളും മുന്‍പന്തിയിലുണ്ട്. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ ഇതുവരെ 10 കോടി രൂപയാണ് ഇവാന്റെ ചികിത്സയ്ക്കായി സമാഹരിച്ചത്.

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെ 86 യൂണിറ്റുകളില്‍ നിന്നും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയതോടെ പ്രതീക്ഷിച്ചതിന്റെ നാലിരട്ടി നാളികേരമാണ് ലഭ്യമായത്. ശേഖരിച്ച നാളികേരങ്ങളുടെ വില്‍പന പൊതുലേലം വിളിച്ചായിരുന്നു നടത്തിയത്. പാണക്കാട് വച്ചായിരുന്നു തുക ലീഗ് അധ്യക്ഷന് കൈമാറിയത്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.

നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി ശിഹാബ് കന്നാട്ടി, ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍, വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍, എസ് പി കുഞ്ഞമ്മദ്, കണ്‍വീനര്‍ കെ. സിദ്ധീഖ് തങ്ങള്‍, മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ സി മുഹമ്മദ്, സത്താര്‍ കീഴരിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

STORY HIGHLIGHTS: Muslim Youth League Collected 20.50 Lakhs For Muhamamd Ivan's Treatment

Next Story