മത്സരത്തിന് തയ്യാറെന്ന് എംകെ മുനീര്‍; ആഗ്രഹം മാറ്റിവെച്ച് കുഞ്ഞാലിക്കുട്ടി, സലാമിന് പിന്തുണ; ലീഗ് കൗണ്‍സില്‍ യോഗം കോഴിക്കോട്ട്
പിഎംഎ സലാമിന്റേയും എംകെ മുനീറിന്റേയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
18 March 2023 7:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: മുസ്ലീം ലീഗ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന കൗണ്‍സില്‍ കോഴിക്കോട് ചേരുന്നു. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, സംസ്ഥാന സെക്രട്ടറി എംകെ മുനീര്‍ എംഎല്‍എ, നിലവിലെ ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോഴിക്കോട്ടെ ലീഗ് ഹൗസില്‍ എത്തി. ഈയടുത്തൊന്നും കണ്ടിട്ടില്ലാത്ത വിധം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്.
പിഎംഎ സലാമിന്റേയും എംകെ മുനീറിന്റേയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. രണ്ട് തവണയായി സ്ഥാനത്ത് തുടരുന്ന പിഎംഎ സലാം തന്നെ ഇനിയും തുടരട്ടെയെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ മുനീറിന് വേണ്ടിയും ചരടുവലി ശക്തമാണ്. തുടര്‍ന്ന് ജില്ലാ ഭാരവാഹികളെ കഴിഞ്ഞ ദിവസം സാദിഖലി തങ്ങള്‍ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ജില്ലാ സെക്രട്ടറിമാരുടേയും ജനറല്‍ സെക്രട്ടറിമാരുടേയും യോഗം വിളിച്ച് ഭൂരിപക്ഷാഭിപ്രായം എടുക്കാനായിരുന്നു സാദിഖ് അലി ശിഹാബ് തങ്ങളുടെ തീരുമാനം.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാവുകയെന്ന ഉദ്ദേശത്തോടെ ലോക്‌സഭയില്‍ നിന്നും രാജിവെച്ചെത്തിയ പി കെ കുഞ്ഞാലിക്കുട്ടിയും ജനറല്‍ സെക്രട്ടറി പദം ആഗ്രഹിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ അണികളുടെ വികാരം കൂടി കണക്കിലെടുത്ത് അദ്ദേഹം തന്റെ ആഗ്രഹം മാറ്റി നിര്‍ത്തി പിഎംഎ സലാമിന് വേണ്ടി വാദിക്കുകയാണ്.
അതേസമയം പി കെ കുഞ്ഞാലിക്കുട്ടി ആയാലും പിഎംഎ സലാം ആയാലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് തയ്യാറാണെന്ന നിലപാടിലാണ് എം കെ മുനീര്‍. മുന്‍ എംഎല്‍എ കെഎം ഷാജി മുനീര്‍ പക്ഷത്ത് ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്ന കെഎം ഷാജിക്കും എംകെ മുനീറിനും പിന്നില്‍ അണിനിരക്കാമെന്ന ആലോചനയിലാണ് പാര്‍ട്ടിയിലെ യുവാക്കള്‍.
എന്നാല്‍ അപ്രതീക്ഷിത ഘട്ടങ്ങളിലെല്ലാം കൃത്യമായ ഇടപെടല്‍ നടത്തി പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്ന നേതാവാണ് പികെ കുഞ്ഞാലിക്കുട്ടി. ഈ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് സൂത്രവാക്യത്തിന്റെ ഭാഗമായി മൂന്നാമതൊരു പേര് ഉയര്‍ന്നുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Story Highlights: Muslim League Council Meeting Progressing in kozhikkode