വിദ്യാര്‍ഥികള്‍ സംയമനം പാലിക്കണമെന്ന് മുരളീധരന്; 'നിര്‍ദ്ദേശമില്ലാതെ യുദ്ധഭൂമിയില്‍ യാത്ര ചെയ്യരുത്'
''സുരക്ഷിത കേന്ദ്രങ്ങളില്‍ ധൈര്യം കൈവിടാതെ അല്പം കൂടി കാത്തിരിക്കണം.''
5 March 2022 2:51 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുക്രൈനിലെ സുമിയില്‍ കുടുങ്ങിയിരിക്കുന്ന വിദ്യാര്‍ഥികള്‍ സംയമനം പാലിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്. എംബസിയുടെ നിര്‍ദ്ദേശമില്ലാതെ യുദ്ധഭൂമിയില്‍ യാത്ര ചെയ്യരുതെന്നും വെടിനിര്‍ത്തല്‍ വരെ കാത്തിരിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. റഷ്യന്‍-യുക്രൈന് സര്‍ക്കാരുകളോടും ഐക്യരാഷ്ട്ര സഭയിലും രക്ഷാമാര്‍ഗം ഒരുക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സുരക്ഷിത കേന്ദ്രങ്ങളില്‍ ധൈര്യം കൈവിടാതെ അല്പം കാത്തിരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നെന്നും വി മുരളീധരന് പറഞ്ഞു.
വി മുരളീധരന് പറഞ്ഞത്: ''അപകടം ക്ഷണിച്ചുവരുത്തരുതെന്ന് അഭ്യര്‍ഥന. ഉക്രെയ്നിലെ സുമിയില്‍ കുടുങ്ങിയിരിക്കുന്ന കുട്ടികള്‍ ദയവായി സംയമനം പാലിക്കണം. എംബസിയുടെ നിര്‍ദ്ദേശമില്ലാതെ യുദ്ധഭൂമിയില്‍ യാത്ര ചെയ്യരുത്. വെടിനിര്‍ത്തല്‍ വരെ കാത്തിരിക്കണം. ഇരു സര്‍ക്കാരുകളോടും ഐക്യരാഷ്ട്ര സഭയിലും രക്ഷാമാര്‍ഗം ഒരുക്കണമെന്ന് നാം അഭ്യര്‍ഥിച്ചിട്ടുണ്ട്. ദക്ഷിണ ഉക്രെയ്നിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കേന്ദ്രങ്ങളില്‍ എത്തുക പ്രായോഗികമല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. സുരക്ഷിത കേന്ദ്രങ്ങളില്‍ ധൈര്യം കൈവിടാതെ അല്പം കൂടി കാത്തിരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. മറക്കരുത്, ജീവനാണ് വലുത്.''
യുക്രൈയിനില്‍നിന്ന് 331 മലയാളികള്‍ കൂടി കേരളത്തിലെത്തി
യുക്രൈയിനില്‍നിന്നു രക്ഷാദൗത്യം വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെ കൂടി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് ഫ്ളൈറ്റുകളിലാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ യുക്രൈയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ച ആകെ മലയാളികളുടെ എണ്ണം 1,401 ആയി.
ഡല്‍ഹിയില്‍നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഇന്ന് പുലര്‍ച്ചെ ഒന്നിന് കൊച്ചിയില്‍ എത്തി. ഇതില്‍ 153 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്ന് ഡല്‍ഹിയില്‍നിന്ന് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ ആദ്യത്തേത് 178 യാത്രക്കാരുമായി ഉച്ചകഴിഞ്ഞ് 3.10ന് കൊച്ചിയില്‍ എത്തി. രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം ഇന്നു രാത്രി കൊച്ചിയിലെത്തും.
യുക്രൈയിനില്നിന്നുള്ള 40 വിദ്യാര്‍ഥികള്‍ ഇന്ന് മുംബൈയില്‍ എത്തി. ഇവരെ മുംബൈ നോര്‍ക്ക റൂട്സിന്റെ നേതൃത്വത്തില്‍ നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. അഞ്ചു വിദ്യാര്‍ഥികള്‍ ഇന്ന് രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന വിമാനത്തില്‍ നാട്ടിലെത്തും. 22 പേര് രാത്രി 11.40നു കൊച്ചിയില്‍ എത്തും. അഞ്ചു പേര് രാത്രി 12.30നു കണ്ണൂരിലും ഏഴു പേര് നാളെ രാവിലെ 7.25ന് കോഴിക്കോടും എത്തും. ഒരാള്‍ ഷാര്‍ജയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോയി.