നടിയെ ആക്രമിച്ച സംഭവം: ഉത്തരവാദി സമൂഹത്തിന്റെ ശത്രുക്കള്‍, പോരാട്ടത്തില്‍ കൈകോര്ക്കമെന്ന് മുല്ലപ്പള്ളി
ശ്രീജിത്തിനെ മാറ്റിയത് അന്വേഷണ സംഘത്തിന്റെ മനോവീര്യം തകര്‍ത്തെന്നും മുല്ലപ്പള്ളി.
25 April 2022 7:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നടിയെ ആക്രമിച്ച സംഭവത്തിലെ ഉത്തരവാദികള്‍ സമൂഹത്തിന്റെ ശത്രുക്കളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. നടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൈകോര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ ഇവിടെ ആര്‍ക്കും നീതി ലഭിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കേസ് അന്വേഷണസംഘത്തിന്റെ മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതിനെയും മുല്ലപ്പള്ളി വിമര്‍ശിച്ചു. ശ്രീജിത്തിനെ മാറ്റിയത് അന്വേഷണ സംഘത്തിന്റെ മനോവീര്യം തകര്‍ത്തെന്നും ആരെ കബളിപ്പിക്കാനാണ് കള്ളക്കളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ യൂത്ത് ലീഗും രംഗത്തെത്തി. നീക്കം കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് സംശയമുണ്ടെന്ന് പി.കെ ഫിറോസ് പറഞ്ഞു. ഈ സംശയം ദൂരികരിക്കേണ്ടത് സര്‍ക്കാരാണെന്നും ഫിറോസ് വ്യക്തമാക്കി.
അതേസമയം, വിഷയത്തിലെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റുന്നത് പതിവ് കാര്യം മാത്രമാണ്. ശ്രീജിത്തിനെ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല. മേല്‍നോട്ട ഉദ്യോഗസ്ഥനാണ്. സ്ഥാനമാറ്റം വിവാദമാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സതീദേവി പറഞ്ഞു.