മുല്ലപ്പെരിയാർ: മൂന്ന് ഷട്ടറുകൾ കൂടി ഉടന്‍ തുറക്കും
പെരിയാർ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും കളക്ടർ അറിയിച്ചു.
30 Oct 2021 10:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാർ ഡാമിൽ ഇന്ന് വൈകുന്നേരം നാല് മുതൽ മൂന്നു ഷട്ടറുകൾ കൂടി തുറന്ന് 1299 ഘനയടി ജലം അധികമായി സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ഇതോടെ ആറു ഷട്ടറുകളിൽ കൂടി 2974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും.
പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. ക്യാമ്പുകളില്‍ താമസിക്കുന്നവർ നിർദേശങ്ങള്‍ ലഭിക്കാതെ വീടുകളിലേക്ക് മടങ്ങരുതെന്നും നിർദേശമുണ്ട്.
രാവിലെ മുതൽ കൂടുതൽ ജലം ഒഴുക്കി വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിപ്പ് നല്‍കിയിരുന്നു. തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകളും 30 സെന്റീമീറ്റർ കൂടി അധികമായി തുറന്നു ജലം ഒഴുക്കി വിടുമെന്നായിരുന്നു അറിയിപ്പ്. ഒഴുക്കി വിടുന്ന 844 ക്യുസെക്സില്‍ നിന്ന് 11 മണി മുതൽ 831 ക്യുസെക്സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 1675 ക്യുസെക്സ് ജലമായിരുന്നു ഇതുപ്രകാരം തുറന്നിവിട്ടിരുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തിയിരുന്നു. ഒമ്പത് പത്തോടെയാണ് ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിയത്. ഒമ്പത് മണിയോടെ ഷട്ടര്‍ തുറക്കുമെന്ന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയത്.
- TAGS:
- Mullaperiyar Dam