മുല്ലപ്പെരിയാര്‍ മരം മുറിക്കല്‍ ഉത്തരവ് റദ്ദാക്കി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
10 Nov 2021 1:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ് നാടിന് അനുമതി നല്കിയ ഉത്തരവ് റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ബേബി ഡാം പരിസരത്തെ 15 മരങ്ങള്‍ മുറിക്കാനാണ് വനംവകുപ്പ് തമിഴ്നാടിന് അനുമതി നല്‍കിയിരുന്നത്. മരം മുറി ഉത്തരവിന്റെ ഉത്തരവാദിത്വത്തെച്ചൊല്ലി ജലവിഭവ വനം വകുപ്പുകള്‍ തമ്മിലെ തര്‍ക്കം പരസ്യ പോരിലേക്ക് നീങ്ങിയിരുന്നു. ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത് ഇങ്ങനെ: ''മുല്ലപ്പെരിയാര്‍ ബേബി ഡാമിന് അരികെയുള്ള പാട്ട ഭൂമിയിലെ 15 മരങ്ങളും കുറ്റിച്ചെടികളും തൈകളും മുറിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വന്യജീവി)& ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് നവംബര്‍ 5ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. തമിഴ്നാട് ജലവിഭവ വകുപ്പിലെ കമ്പം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മരങ്ങള്‍ മുറിച്ച് നീക്കാനുള്ള അനുമതി കേന്ദ്ര നിയമങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ക്ലിയറന്‍സ് ലഭ്യമാക്കാതെയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കേരളം സുപ്രീംകോടതി മുമ്പാകെ നല്കിയ റിട്ട് ഹര്‍ജിയില്‍ 2021 ജനുവരി 22ന് ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ മരംമുറിക്കല്‍ അനുവദിക്കാന്‍ കേന്ദ്ര പരിസ്ഥിതിവനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മന്ത്രിസഭയുടെ പരിഗണനയക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് കേരള സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസില്‍ നിഷ്കര്‍ഷിച്ചിട്ടുമുണ്ട്. ആവശ്യമായ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭ്യമാകാതെയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയും പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനില്‍ക്കാത്തതിനാലാണ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.''
മരംമുറി വിവാദം പിണറായി സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരുന്നത്. ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ വര്‍ഷങ്ങളായി തമിഴ്നാട് ആവശ്യപ്പെടുന്നതും കേരളം എതിര്‍ക്കുന്നതുമായ വിഷയമാണ്. എന്നാല്‍ മുല്ലപ്പെരിയാറിലെ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയുള്ള ഉത്തരവ് ഈ എതിര്‍പ്പില്‍ വെള്ളം ചേര്‍ക്കുന്നതിന് തുല്യമായി.
വിവാദ ഉത്തരവ് മുഖ്യമന്ത്രിയും വനം മന്ത്രിയും ജലവിഭവ മന്ത്രിയും അറിഞ്ഞല്ല ഇറങ്ങിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. നവംബര്‍ ഒന്നിന് ജലവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ച യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എന്നാല്‍ ഇങ്ങനെ ഒരു യോഗം നടന്നില്ലെന്ന് ജലവിഭവ മന്ത്രിയും നടന്നെന്ന് വനം മന്ത്രിയും പരസ്യമായി തര്‍ക്കിക്കുന്നു. സംയുക്ത പരിശോധന നടന്നില്ലെന്ന സഭയിലെ പ്രസ്താവന വനംമന്തി എകെ ശശീന്ദ്രന് തിരുത്തി. സംയുക്ത പരിശോധനയില്‍ പങ്കെടുത്തത് വനം ഉദ്യോഗസ്ഥരെന്ന് ജലവിഭവ മന്ത്രിയുടെയും ജലവകുപ്പ് ഉദ്യോഗസ്ഥരെന്നായിരുന്നു വനം മന്ത്രിയുടെയും കൈ കഴുകല്‍. ഇത്രയും സുപ്രധാനമായ ഉത്തരവ് ഒരു ഉദ്യോഗസ്ഥന് മാത്രമായി ഇറക്കാനാകുമോ എന്നതായിരുന്നു ഉയര്‍ന്ന പ്രധാന ചോദ്യം.