Top

മുല്ലപെരിയാര്‍ മരംമുറി: സംസ്ഥാന സർക്കാർ അറിഞ്ഞുകൊണ്ട്, സംയുക്ത പരിശോധനയുടെ തെളിവുകള്‍ പുറത്ത്

മുല്ലപെരിയാര്‍ ബേബി ഡാമിന് താഴെ നിന്നും മരം മുറിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് കേരളവും തമിഴ്‌നാടും നടത്തിയ സംയുക്ത പരിശോധനയുടെ തെളിവുകള്‍ പുറത്ത്

9 Nov 2021 7:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപെരിയാര്‍ മരംമുറി: സംസ്ഥാന സർക്കാർ അറിഞ്ഞുകൊണ്ട്, സംയുക്ത പരിശോധനയുടെ തെളിവുകള്‍ പുറത്ത്
X

മുല്ലപെരിയാര്‍ ബേബി ഡാമിന് താഴെ നിന്നും മരം മുറിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് കേരളവും തമിഴ്‌നാടും നടത്തിയ സംയുക്ത പരിശോധനയുടെ തെളിവുകള്‍ പുറത്ത്. എത്ര മരങ്ങള്‍ മുറിക്കണമെന്ന് ജൂണ്‍ 11 ന് പരിശോധിക്കുകയും 15 മരങ്ങള്‍ മുറിക്കാമെന്ന് കണ്ടെത്തിയിരുന്നുവെന്നും കത്തില്‍ പറയുന്നു. സംസ്ഥാന ജല വിഭവ സെക്രട്ടറിക്ക് മേല്‍നോട്ട സമിതി അധ്യക്ഷനാണ് കത്ത് അയച്ചത്. സംസ്ഥാന വനം വകുപ്പില്‍ നിന്ന് അനുമതി വാങ്ങാന്‍ ഓണ്‍ ലൈനായി അപേക്ഷ നല്‍കിയിട്ടുമുണ്ട്. മരംമുറി സര്‍ക്കാര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്നതാണ് കത്ത്. ഇതോടെ സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

മരം മുറി ഉത്തരവിന് മുന്നോടിയായി കേരളവും തമിഴ്‌നാടും സംയുക്ത പരിശോധന നടന്നില്ലെന്നായിരുന്നു വനംമന്ത്രി എകെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പ്രസ്താവന. പിന്നീട് അത് തിരുത്താന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ പരിശോധനക്ക് മരംമുറി ഉത്തരവുമായി ബന്ധമില്ലെന്നാണ് വിശദീകരണം. ചര്‍ച്ച പതിവ് രീതിയില്‍ നടത്തിയതെന്നാണ് സര്‍ക്കാരിന്റെ പക്ഷം.

മരംമുറി ഉത്തരവിന് മുന്നോടിയായി സംയുക്ത പരിശോധന നടന്നതിനാല്‍ തന്നെ നടപടി ഉദ്യോഗസ്ഥ തലത്തില്‍ മാത്രം അറിഞ്ഞുകൊണ്ടാണെന്ന സര്‍ക്കാര്‍ വിശദീകരണം ഇവിടെ റദ്ദ് ചെയ്യപ്പെടും. ഇത് ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് നല്‍കിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഉത്തരവ് തല്‍ക്കാലം തുടര്‍നടപടികള്‍ ഇല്ലാതെ മാറ്റിവെക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഇക്കാര്യം വ്യക്തമാക്കികൊണ്ട് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. മുന്‍ ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെക്കുന്നുവെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും മരം മുറിക്കണമെങ്കില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റേയും കേന്ദ്ര വന്യജീവി ബോര്‍ഡിന്റേയും അനുമതി വേണമെന്നും ഉത്തരവില്‍ പറയുന്നു. ഇവരുടെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.മുല്ലപെരിയാര്‍ മരംമുറി: സംസ്ഥാന സർക്കാർ അറിഞ്ഞുകൊണ്ട്, സംയുക്ത പരിശോധനയുടെ തെളിവുകള്‍ പുറത്ത്

Next Story