Top

ഏല്‍ദോസിനെതിരെ കൂടുതല്‍ വകുപ്പുകള്‍; വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്

പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കി

18 Oct 2022 5:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏല്‍ദോസിനെതിരെ കൂടുതല്‍ വകുപ്പുകള്‍; വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്
X

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. 307, 354 B വകുപ്പുകള്‍ എംഎല്‍എക്കെതിരെ ചുമത്തി. പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയായ യുവതി മൊഴി നല്‍കിയിരുന്നു. കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നല്‍കിയത്.

കോവളം സൂയിസൈഡ് പോയിന്റില്‍ എത്തിച്ച് തന്റെ പിന്നാലെ എംഎല്‍എ വന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെടുകയിരുന്നു. ഇക്കഴിഞ്ഞ മാസം 14 നാണ് ഇതെല്ലാം സംഭവിച്ചതെന്നും പരാതിക്കാരി മൊഴി നല്‍കി. ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നില്‍ ഒളിച്ചപ്പോള്‍, എംഎല്‍എയും സുഹൃത്തും അനുനയിപ്പിച്ച് റോഡില്‍ എത്തിച്ചു. തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചപ്പോള്‍ താന്‍ ബഹളമുണ്ടാക്കുകയും നാട്ടുകാര്‍ ഓടി കൂടുകയും പൊലീസ് എത്തുകയും ചെയ്തു. എന്നാല്‍ അവരുടെ മുന്നില്‍വെച്ച് ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

അതിനിടെ ഒളിവില്‍ കഴിയുന്ന എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണസംഘം നടത്തുന്നുണ്ട്. ഇന്നലെ പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. എല്‍ദോസ് ഉപയോഗിച്ച മദ്യക്കുപ്പികളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.

Story Highlights: More Cases Charged Agaisnt Eldose Kunnappilly MLA

Next Story