'മോന്‍സന്റെ തട്ടിപ്പുമായി ബന്ധമില്ല', ഐ ജി ലക്ഷ്മണയെയും 'തിരിച്ചെടുക്കുന്നു'
5 Jan 2022 6:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മോന്സണ് മാവുങ്കല്‍ തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിനെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. മോന്‍സണുമായുള്ള ബന്ധത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലുള്ള ഐജിയ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഈ സാഹചര്യത്തില്‍ ഐജിയുടെ സസ്പെന്ഷന് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ചീഫ് സെക്രട്ടറി തല സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. നവുംബര്‍ 10 നായിരുന്നു മോന്സണ് കേസുമായി ബന്ധപ്പെട്ട് ഐജി ലക്ഷമണയെ സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍, മോന്സന് മാവുങ്കലിന്റെ തട്ടിപ്പുമായി ലക്ഷമണയ്ക്ക് ബന്ധമില്ലന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജിയെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അബദ്ധങ്ങളുടെ ഘോഷയാത്രയാണ് ഐജി ലക്ഷ്മണിന്റെ സസ്പെന്ഷന് പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് കൊണ്ടുള്ള ഉത്തരവിലുള്ളത്. 'ഗോകുലത്ത് ലക്ഷമണ് ഐഎഫ്എസ്' എന്നാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് വച്ചത് കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയത്തിന് ആണ് എന്നതും ശ്രദ്ധേയമാണ്. ഐപിഎസ് ഉദ്യോഗസ്ഥനെ ഐഎഫ്എസ് ഉദ്യോഗസ്ഥനായി വിശേഷിപ്പിച്ചതിന് ഒപ്പം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയക്കേണ്ട കത്ത് അയച്ചത് വനം വകുപ്പിനാണ് എന്നതും ശ്രദ്ധയമാണ്.
ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മോണ്സണ് മാവുങ്കലു മായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണവിധേയനായ ഐജി ലക്ഷ്മണന് സസ്പെന്‍ഡ് ചെയ്തത്. ക്രൈംബ്രാഞ്ച് എ ഡി ജി പി മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ടര്‍ സമര്‍പ്പിച്ചിരുന്നത്. മോണ്സണ് മാവുങ്കലു മായുള്ള ഐജിയുടെ ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പലതും പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐജിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.