മോഫിയയുടെ ആത്മഹത്യ: സുഹൈലിന് ജാമ്യമില്ല, രക്ഷിതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം; പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനമെന്ന് കോടതി
4 Jan 2022 10:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറണാകുളം ആലുവയില്‍ ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ ഭര്‍ത്താവ് സുഹൈലിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
നാല്‍പത് ദിവസമായി പൊലീസ് കസ്റ്റഡിയില്‍ ആണെന്നും കേസില്‍ തെളിവെടുപ്പ് ഉള്‍പ്പെടെ മറ്റ് നടപടികള്‍ എല്ലാം തീര്‍ന്ന സാഹചര്യത്തിലും ജാമ്യം അനുവദിക്കണം എന്നുമായിരുന്നു സുഹൈലും മാതാപിതാക്കളും കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൊഫിയ പര്‍വീണിന്റെ ആത്മഹത്യ സംബന്ധിച്ച കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും ക്രൂരമായ പീഡനമായണ് പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ടത് എന്ന് വ്യകതമാവുന്നു എന്നും ചൂണ്ടിക്കാട്ടി സുഹൈലിന് ജാമ്യം നിഷേധിക്കുകയായിരുന്നു. സുഹൈല്‍ ഒരു തരത്തിലും ജാമ്യത്തിന് അര്‍ഹനല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ സുഹൈലിന്റെ മാതാപിതാക്കളുടെ പ്രായം ഉള്‍പ്പടെ പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നും മറ്റ് ഇടപെടലുകള്‍ക്ക് ശ്രമിക്കരുത് എന്നും ജാമ്യം അനുവദിച്ച് കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ഇടപെടല്‍ സംബന്ധിച്ചും വലിയ ആരോപണങ്ങള്‍ നേരിട്ട കേസായിരുന്നു നിയമ വിദ്യാര്‍ത്ഥിയായ മോഫിയയുടേത്. മോഫിയയുടെ പരാതിയില്‍ നടപടി വൈകിപ്പിച്ച സി ഐ സുധീര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.
നവംബര്‍ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീണിനെ (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നു. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞെന്നുമായിരുന്നു ആത്മഹത്യ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്. മരണത്തിന് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് മോഫിയയും സുഹൈലും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.
- TAGS:
- Mofia Death
- Mofia Praveen