Top

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്പീക്കറുടെ റൂളിംഗ്; സഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തരുത്

ആക്ഷേപ ഹാസ്യ പരിപാടികള്‍ക്ക് സഭാദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു

28 Jun 2022 8:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്പീക്കറുടെ റൂളിംഗ്; സഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തരുത്
X

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റൂളിംഗ്. സഭ ടി വി രീതി അനുസരിച്ച് മാത്രമേ സഭാ നടപടികള്‍ ചിത്രീകരിക്കാന്‍ പാടുള്ളൂവെന്നുംനിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നത് ചട്ടലംഘനമാമെന്നും സ്പീക്കര്‍ അറിയിച്ചു. ചോദ്യോത്തര വേളയില്‍ സംസാരിക്കുന്നവരുടെ ദൃശ്യങ്ങള്‍ നല്‍കുന്നതാണ് ചട്ടം. 2002 ലെ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നും സ്പീക്കര്‍ വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു. മാധ്യമ പ്രവര്‍ത്തകരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. അതീവ ഗൗരവമാണ്. മാധ്യമ പ്രവര്‍ത്തകരുടെ ഇത്തരം പ്രവര്‍ത്തികള്‍ അത്യന്തം അപലപനീയമാണ്. ഭാവിയില്‍ ആവര്‍ത്തിച്ചാല്‍ അവകാശ ലംഘന പ്രകാരം നടപടിയുണ്ടാവുമെന്നും സ്പീക്കര്‍ അറിയിച്ചു.ആക്ഷേപ ഹാസ്യ പരിപാടികള്‍ക്ക് സഭാദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ല.

എന്നാല്‍ സ്പീക്കറുടെ റൂളിംഗിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടഞ്ഞു. പ്രതിപക്ഷം സമരം ചെയ്യുന്നത് സമരം ചെയ്യുന്നത് സഭാ ടീവിയില്‍ കാണിച്ചിട്ടില്ല. ഭരണകക്ഷിയുടെ അംഗങ്ങള്‍ പ്രതിഷേധിക്കുന്നത് സഭാ ടീവിയില്‍ കാണിക്കുകയും ചെയ്തുവെന്ന് വി ഡി സതീശന്‍ പറഞ്ഞു.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം സഭയില്‍ ഗുരുതര ചട്ടലംഘനം ഉണ്ടായെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിയമസഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്നുമായിരുന്നു പരാതി. സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതിനെതിരേയും നടപടി ആവശ്യപ്പെട്ടാണ് മന്ത്രി പരാതി നല്‍കിയത്.

Next Story