Top

'എംഎം മണി ലാലു പ്രസാദ് യാദവിന്റെ കേരള പതിപ്പ്, പിണറായി മന്‍മോഹന്‍ സിങിന് പഠിക്കുന്നു'; കെഎസ്ഇബി വിവാദത്തില്‍ കെ സുരേന്ദ്രന്‍

17 Feb 2022 6:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഎം മണി ലാലു പ്രസാദ് യാദവിന്റെ കേരള പതിപ്പ്, പിണറായി മന്‍മോഹന്‍ സിങിന് പഠിക്കുന്നു; കെഎസ്ഇബി വിവാദത്തില്‍ കെ സുരേന്ദ്രന്‍
X

കെഎസ്ഇബി ചെയര്‍മാന്‍ തുടങ്ങിവച്ച ക്രമക്കേട് വിവാദത്തില്‍ സര്‍ക്കാറിനെയും മുന്‍ വൈദ്യുതി മന്ത്രി എം എം മണിയെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെഎസ് ഇബി അഴിമതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരികയാണ്. മുന്‍ മന്ത്രി എംഎം മണിയും ലംബോധരനും ശതകോടികളുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത്. ഇടുക്കിയില്‍ പല സ്ഥലത്തുമുള്ള കെ എസ്ഇബിയുടെ കണ്ണായ ഭൂമികള്‍ റിസോര്‍ട്ട് മാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫികള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും പതിച്ചു നല്‍കി കോടികളുടെ അഴിമതി നടത്തി. ഹൈഡല്‍ പ്രോജക്റ്റുകളില്‍ വലിയ തോതിലുള്ള ക്രമക്കേട് നടന്നു എന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മുന്‍ എംഎല്‍എ ഇക്കാര്യം പാര്‍ട്ടിക്ക് അകത്ത് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് എതിരെ നടപടിയെടുത്തു. ക്രമക്കേട് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വരുമ്പോഴും ഒരു അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിടുന്നില്ല. വിഷയം വിവാദമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി മന്‍മോഹന്‍ സിങിന് പഠിക്കുകയാണോ എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. കേരളത്തെ കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല, എംഎം മണിയെ പോലെ ഒരു തട്ടിപ്പുകാരന്‍ കേരളത്തിലില്ല. ലാലു പ്രസാദ് യാദവ് ബീഹാറില്‍ ചെയ്തപോലെയുള്ള കാര്യങ്ങളാണ് എംഎം മണി കേരളത്തില്‍ ചെയ്യുന്നത് എന്ന പരാമര്‍ശം ഉണ്ടായത്.

പാവങ്ങളുടെ ആളാണെന്നും, പശുവിനെ കറന്ന് ജീവിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞ് സഹസ്രകോടിയുടെ അഴിമതിയാണ് ലാലു പ്രസാദ് യാദവ് നടത്തിയത്. അതുപോലെയാണ് എംഎം മണി, നാടന്‍ ഭാഷയില്‍ സംസാരിക്കുന്ന വ്യക്തിയാണ്, തോട്ടം തൊഴിലാളികളുടെ പ്രതിനിധിയാണ് എന്നും അവകാശപ്പെട്ട് കോടികളുടെ അഴിമതിയാണ് നടത്തുന്നത്. എംഎം മണിയെ കേരളത്തിലെ സിപിഐഎം സംരക്ഷിക്കുകയാണ് എന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

STORY HIGHLIGHTS: MM Mani Kerala edition of Lalu Prasad Yadav says K Surendran in KSEB controversy

Next Story