Top

'കോഴി കട്ടവന്‍ തലയില്‍ പപ്പ് തപ്പും പോലെയാണ് അടിയന്തര പ്രമേയം'; നീതിബോധം പഠിപ്പിക്കേണ്ടെന്ന് എം എം മണി

'കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരന്‍ വന്നതിന് ശേഷം കേരളത്തില്‍ വ്യാപക അക്രമണമാണ് നടക്കുന്നത്'

4 July 2022 8:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴി കട്ടവന്‍ തലയില്‍ പപ്പ് തപ്പും പോലെയാണ് അടിയന്തര പ്രമേയം; നീതിബോധം പഠിപ്പിക്കേണ്ടെന്ന് എം എം മണി
X

പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എം എം മണി എംഎല്‍എ. എകെജി സെന്റര്‍ ആക്രമണത്തില്‍ വസ്തുതാപരമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പിടികൂടുമെന്നും എം എം മണി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണോ എന്ന് സംശയമുണ്ട്. എകെജി സെന്റര്‍ ആക്രമിക്കുമെന്ന് കെപിസിസി പ്രസിഡന്റ് നേരത്തെ പറഞ്ഞിട്ടുണ്ട്. അടിയന്തര പ്രമേയം അവതരിപ്പിച്ചതോടെ ആ സംശയം കൂടിയെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി എം എം മണി പറഞ്ഞു.

.കോഴിയെ കട്ടവന്‍ തലയില്‍ പപ്പ് തപ്പും പോലെയാണ് പിസി വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയം. കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരന്‍ വന്നതിന് ശേഷം കേരളത്തില്‍ വ്യാപക അക്രമണമാണ് നടക്കുന്നത്. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സംശയമുണ്ട്, പക്ഷെ വസ്തുതാപരമായി അന്വേഷണം നടത്തിയേ പ്രതിയെ പിടികൂടൂ. അത് ഈ സര്‍ക്കാരിന്റെ പ്രത്യേകതയാണ്. വി ഡി സതീശനല്ല പിണറായി വിജയനാണ് മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് മാത്രമല്ല, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയെ തന്നെ പിരിച്ചുവിട്ടു, അതാണ് ഞങ്ങള്‍. ഞങ്ങളെ തത്വം പഠിപ്പിക്കണ്ട.'

നീതിബോധമുളള കോണ്‍ഗ്രസുകാര്‍ക്ക് പോലും കെ സുധാകരനെ അംഗീകരിക്കാന്‍ പറ്റുന്നില്ലെന്നും മണി ആരോപിച്ചു. ജനാധിപത്യ ബോധവും നീതിബോധവും ഞങ്ങളെ പഠിപ്പിക്കാന്‍ നോക്കേണ്ട. കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് പറഞ്ഞത് അന്യായമാണ്. സ്വപ്ന സുരേഷ് എന്ന വിവാദ നായികയെ കൊണ്ട് ഓരോന്ന് പറയിക്കുവാന്‍ നീതിബോധമുള്ളവര്‍ക്ക് പറ്റുമോ എന്നും എം എം മണി ചോദിച്ചു

രാഷ്ട്രീയം പറയാം, വീട്ടിലിരിക്കുന്ന സ്ത്രീകളെ അതിലേക്ക് വലിച്ചിഴക്കരുത്. അത് ശരിയല്ല. സെമി കേഡറെന്നാല്‍ കെ സുധാകരനൊന്നും അറിയില്ല. പ്രതിപക്ഷ നേതാവിന് സാമാന്യ മര്യാദയില്ല, ഇങ്ങനെ പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. വിമാന ആക്രമണത്തില്‍ ഖേദ പ്രകടനം നടത്താന്‍ പോലും കോണഗ്രസ് തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടുക്കി ഡിസിസി പ്രസിഡന്റിനെ തള്ളി പറയാന്‍ കോണ്ഗ്രസ് തയ്യാറായില്ല. ആവശ്യമുള്ളപ്പോള്‍ മാത്രം ഗാന്ധിയെ പിടിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അവരുടെ പാരമ്പര്യം അതാണ്. കോണ്‍ഗ്രസ്സ് സമാധാനത്തിന്റെ അപ്പോസ്തലന്മാര്‍ ആകേണ്ട. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് സുരക്ഷിത സ്ഥലമായി സ്വീകരിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ മണ്ഡലമെന്നെന്നും എംഎം മാണി പരിഹസിച്ചു.

Story Highlights: MM Mani Against Congress In Assembly

Next Story