മോനേ വീട്ടില്‍ പോ എന്ന് നാട്ടുകാര്‍; കാണാതായ കുട്ടി തിരിച്ചെത്തി; അമ്മയുമായി ഇനി പിണങ്ങില്ലെന്ന് 12കാരന്‍
വഴിയില്‍ കണ്ടവര്‍ വീട്ടിലേക്ക് പോകാന്‍ ഉപദേശിക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു.
13 May 2022 5:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോതമംഗലം: ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തി. കീരംപാറ പഞ്ചായത്ത് സ്വദേശിയായ 12കാരനാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ തിരികെ എത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കുട്ടിയെ കാണാതായത്. ഊഞ്ഞാപ്പാറയിലെ ട്യൂഷന്‍ കേന്ദ്രത്തിലേക്ക് സൈക്കിളുമായി പോയ കുട്ടിയേക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതിരിക്കുകയായിരുന്നു.
12കാരനെ കാണാനില്ലെന്ന വിവരം വൈകാതെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെട്ടു. ചിത്രത്തിനൊപ്പം ഇട്ടിരുന്ന വസ്ത്രത്തിന്റെ നിറവും കൈയില്‍ സൈക്കിള്‍ ഉള്ള വിവരവുമെല്ലാം കാണ്‍മാനില്ലെന്ന സന്ദേശത്തിനൊപ്പമുണ്ടായിരുന്നു.
വീട്ടില്‍ നിന്ന് അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി സൈക്കിളുമായി മൂവാറ്റുപുഴ ഭാഗത്തേക്കാണ് പോയത്. ട്യൂഷന്‍ സമയം കഴിഞ്ഞ് തിരിച്ചുവരാതിരിക്കുകയും കൂട്ടുകാരോട് അന്വേഷിച്ചപ്പോള്‍ വിവരം കിട്ടാതിരിക്കുകയും ചെയ്തതോടെ കുടുംബം ആശങ്കയിലായി. ഇതിനിടെ ചിത്രങ്ങള്‍ വൈറലായതോടെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങി. വഴിയില്‍ കണ്ടവര്‍ വീട്ടിലേക്ക് പോകാന്‍ ഉപദേശിക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. അമ്മയോടുള്ള 12കാരന്റെ പിണക്കവും മാറിത്തുടങ്ങിയിരുന്നു. ഒടുവില്‍ കുട്ടി സൈക്കിളുമായി വീട്ടില്‍ തിരിച്ചെത്തി. കുട്ടിയെ കണ്ടുകിട്ടി എന്ന മെസ്സേജ് ഷെയര്‍ ചെയ്യുന്ന തിരക്കിലാണ് നാട്ടുകാരിപ്പോള്‍.
Story Highlights: missing boy returns home says won't quarrel with mother anymore