Top

കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്; വാക്സിനേഷന്‍ മികച്ച രീതിയില്‍

ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞു

4 Feb 2022 1:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്; വാക്സിനേഷന്‍ മികച്ച രീതിയില്‍
X

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായി കുറഞ്ഞിരുന്നെന്ന് മന്ത്രി പറഞ്ഞു.

ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞു. ഐസിയു വെന്റിലേറ്റര്‍ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. നിലവില്‍ 3,66,120 കൊവിഡ് കേസുകളില്‍, 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിനേഷന്‍

സംസ്ഥാനത്തെ വാക്സിനേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. 15 മുതല്‍ 17 വയസു വരെ 73 ശതമാനം പേര്‍ (11,36,374) വാക്സിനെടുത്തിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷന്‍ തിങ്കളാഴ്ച ആരംഭിച്ചു. 2.3 ശതമാനമാണ് രണ്ടാം ഡോസ് വാക്സിനേഷന്‍ (35,410). 18 വയസിന് മുകളില്‍ ആദ്യ ഡോസ് 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 85 ശതമാനവുമാണ്. കരുതല്‍ ഡോസ് 40 ശതമാനമാണ് (6,59,565).

ക്യാന്‍സര്‍ സ്ട്രാറ്റജി

ആരോഗ്യ വകുപ്പ് കേരള ക്യാന്‍സര്‍ രജിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച സോഫ്റ്റുവെയര്‍ ഇ-ഹെല്‍ത്ത് വികസിപ്പിച്ചുവരുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ 3 മേഖലകളായി തിരിച്ചാണ് ക്യാന്‍സര്‍ രജിസ്ട്രി തയ്യാറാക്കുന്നത്. ആര്‍സിസി, സിസിസി, എംസിസി എന്നിവ കേന്ദ്രീകരിച്ചായിരിക്കും രജിസ്ട്രിയുടെ ഏകോപനം. 2030 ഓടെ ക്യാന്‍സര്‍ രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ക്യാന്‍സര്‍ ചികിത്സാ ചെലവും ഗണ്യമായി കുറയ്ക്കാനാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്യാന്‍സര്‍ രജിസ്ട്രി സംബന്ധിച്ച് പരിശീലനം നല്‍കുന്നതാണ്.

Next Story