Top

പ്രവാചകനെതിരായ അപകീർത്തി പരാമർശം; ബിജെപി നേതാക്കൾക്കെതിരെ കേവല നടപടികൾ പോരെന്ന് മന്ത്രി വി ശിവൻകുട്ടി

7 Jun 2022 8:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാചകനെതിരായ അപകീർത്തി പരാമർശം; ബിജെപി നേതാക്കൾക്കെതിരെ കേവല നടപടികൾ പോരെന്ന് മന്ത്രി വി ശിവൻകുട്ടി
X

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേവല നടപടികൾ പോരെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ അഭിമാനം ഇടിച്ചു താഴ്ത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയവർക്കെതിരെ കേവല നടപടികൾ പോര, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കപ്പെടും വിധം നടപടികൾ വേണമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.



ഇറാൻ, ഇറാഖ്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, ബെഹ്‌റൈൻ, മാലിദ്വീപ്, ലിബിയ, ഇൻഡോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ നേതാക്കളുടെ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. പരാമർശത്തിനെതിരെ ഐക്യരാഷ്ട്രസഭയും രംഗത്തെത്തി. എല്ലാമതങ്ങളേയും ബഹുമാനത്തോടെ നോക്കിക്കാണാനും സഹിഷ്ണത പുലർത്തുന്നതിനും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് യുഎൻ വ്യക്തമാക്കി.

ഗ്യാൻവാപി വിവാദത്തിൽ നടന്ന ചർച്ചയിൽ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം. സംഭവത്തിൽ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിട്ടുണ്ട്. പ്രവാചകനെതിരെ അസഭ്യ വാക്കുകൾ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനൽ ചർച്ചയിൽ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളിൽ ആളുകൾക്ക് കളിയാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. മുസ്ലിംകൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുർ ശർമ്മ മാപ്പ് പറഞ്ഞിരുന്നു. വിവാദ പരാമർശത്തിന് പിന്നാലെ നുപുർ ശർമ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുർ ശർമ്മയെയും ഡൽഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

STORY HIGHLIGHTS: Minister V Sivankutty opposes defamatory remarks by BJP leaders

Next Story