Top

'വിദ്യാര്‍ഥികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനം'; വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ മന്ത്രി ശിവന്‍കുട്ടി

'ചില അധ്യാപകര്‍ വാക്‌സിന്‍ എടുക്കാതെ തന്നെ സ്‌കൂളിലേക്ക് വരുന്നുണ്ട്.'

28 Nov 2021 4:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാര്‍ഥികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനം; വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ മന്ത്രി ശിവന്‍കുട്ടി
X

കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപക അനധ്യാപകര്‍ സ്‌കൂളില്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ ഇത് സമൂഹത്തിന്റെ ആകെ ബാധ്യത ആകരുത്. കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സര്‍ക്കാരിന് മുഖ്യം. ഇത് മുന്‍നിര്‍ത്തിയാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയത്. സ്‌കൂളുകളില്‍ മാര്‍ഗരേഖയുടെ ലംഘനം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മഹാമാരിക്കാലത്ത് സമൂഹത്തിന്റെ ആകെയുള്ള സുരക്ഷയാണ് പ്രധാനം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം. കോവിഡിന്റെ വകഭേദങ്ങള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് ചേര്‍ന്ന് നില്‍ക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്‌കൂളുടെ പ്രവര്‍ത്തി സമയം അടക്കം വര്‍ദ്ധിപ്പിച്ചു പൂര്‍ണതോതില്‍ സജീവമാകുവാനുള്ള തീരുമാനത്തിലേക്ക് കടക്കുമ്പോഴാണ് അധ്യാപകരുടെ വാക്‌സിനേഷന്‍ വിദ്യാഭ്യാസ വകുപ്പിന് വെല്ലുവിളിയാകുന്നത്. സ്‌കൂള്‍ തുറക്കുന്ന സമയത്ത് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ എണ്ണം 2282 ഉം അനധ്യാപകരുടെ എണ്ണം 327ഉം എന്നായിരുന്നു സര്‍ക്കാര്‍ കണക്കുകള്‍.

അലര്‍ജി, ആരോഗ്യപ്രശ്‌നങ്ങള്‍, മതപരമായ കാരണങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പല അധ്യാപകരും വാക്‌സിനേഷനില്‍ നിന്ന് മാറി നില്‍ക്കുന്നത്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പ് വരുത്തുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അധ്യാപകരുടെ വാക്‌സിനേഷന്‍ മന്ദഗതിയില്‍ ആകുമ്പോള്‍ ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 4741 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗ ബാധ. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,088 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,59,297 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 48,501 കോവിഡ് കേസുകളില്‍, 7.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 526 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,679 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 315 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5144 പേര്‍ ഇന്നലെ രോഗമുക്തി നേടി. തിരുവനന്തപുരം 866, കൊല്ലം 354, പത്തനംതിട്ട 67, ആലപ്പുഴ 184, കോട്ടയം 500, ഇടുക്കി 294, എറണാകുളം 662, തൃശൂര്‍ 512, പാലക്കാട് 178, മലപ്പുറം 208, കോഴിക്കോട് 781, വയനാട് 105, കണ്ണൂര്‍ 348, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 48,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,40,528 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Next Story