മുല്ലപ്പെരിയാർ വിഷയത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ഡീ കമ്മീഷൻ ചെയ്യുന്ന വിഷയത്തിൽ രാജ്യത്ത് ഇന്നേവരെ ഒരു ഡാമും കമ്മീഷൻ ചെയ്യാത്ത സാഹചര്യത്തിൽ ഒരു അന്തർദേശീയ പഠനം നടത്തുന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തും
20 Dec 2021 10:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുല്ലപ്പെരിയാർ വിഷയത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. 2014ലെ കോടതി വിധിക്ക് ശേഷം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. സുപ്രീം കോടതിയുടെ വിധി എല്ലാവർക്കും ഒരുപോലെ ബാധകമാണ്. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി കേരളം പലതവണ യോഗം ചേരുവാൻ ആവശ്യപ്പെട്ടിട്ടും യോഗം ചേർന്നില്ല. ഇതിനുപുറമെ രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടുവെന്നും റോഷി അഗസ്റ്റിൻ കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാറുമായി ഉയർന്നുവെന്ന വിഷയങ്ങളെല്ലാം കൃത്യം കൃത്യമായി സെൻട്രൽ വാട്ടർ കമ്മീഷൻ മെമ്പർ, മേൽനോട്ട സമിതിയുടെ ചെയർമാൻ, തമിഴ്നാട് ചീഫ് സെക്രട്ടറി, കേന്ദ്ര ഗവൺമെൻ്റ് എന്നിവരെ അറിയിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അറിയിച്ച ദിവസവും സമയവും അടക്കമുള്ള രേഖകൾ തൻ്റെ കൈയ്യിലുണ്ട്. ആവശ്യമായതൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ വീഴ്ച്ചപറ്റിയെന്ന് സമ്മതികേണ്ട ആവശ്യമെന്താണെന്നും മന്ത്രി ചോദിച്ചു.
സുപ്രീം കോടതിയുടെ ഒടുവിലെ പരാമർശത്തിൽ, മേൽനോട്ട സമിതി മുല്ലപ്പെരിയാറിൽ എന്ത് ചെയ്യുന്നുവെന്ന് സുപ്രീംകോടതി കൂടുതൽ കർശനമായി നിരീക്ഷിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഡീ കമ്മീഷൻ ചെയ്യുന്ന വിഷയത്തിൽ രാജ്യത്ത് ഇന്നേവരെ ഒരു ഡാമും കമ്മീഷൻ ചെയ്യാത്ത സാഹചര്യത്തിൽ ഒരു അന്തർദേശീയ പഠനം നടത്തുന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം നെടുങ്കണ്ടത്ത് പറഞ്ഞു.