Top

'അശോക് ചെയര്‍മാനായതോടെ മാനേജ്‌മെന്റിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി'; ഗുരുതര അഴിമതി ആരോപണങ്ങളുമായി എംജി സുരേഷ് കുമാര്‍

'ബോര്‍ഡിന് ദുര്‍ച്ചെലവുണ്ടാകുന്ന വാങ്ങലുകളെ തടഞ്ഞതാണ് മാനേജ്‌മെന്റും സംഘടനകളും തമ്മില്‍ സംഘര്‍ഷ അന്തരീക്ഷം രൂപപ്പെട്ടത്'

18 April 2022 12:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അശോക് ചെയര്‍മാനായതോടെ മാനേജ്‌മെന്റിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി; ഗുരുതര അഴിമതി ആരോപണങ്ങളുമായി എംജി സുരേഷ് കുമാര്‍
X

തിരുവനന്തപുരം: കെഎസ്ഇബിയില്‍ സമരം തുടരവെ സിഎംഡിക്കും ബോര്‍ഡ് മാനേജ്‌മെന്റിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എംജി സുരേഷ് കുമാര്‍. 2021ല്‍ ബി അശോക് ബോര്‍ഡ് ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഡയറക്ടര്‍ ബോര്‍ഡിന്റെ സ്വഭാവം മാറിയെന്നും സ്ഥാപനത്തിലെ കൂട്ടായ്മ തകര്‍ന്നുവെന്നും എംജി സുരേഷ് കുമാര്‍ ആരോപിച്ചു. ഓഫീസേഴ്‌സ് അസോസിയേഷനും വര്‍ക്കേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് ബോര്‍ഡിന് ദുര്‍ച്ചെലവുണ്ടാകുന്ന വാങ്ങലുകളെ തടഞ്ഞിരുന്നുവെന്നും അതിനാലാണ് മാനേജ്‌മെന്റും സംഘടനകളും തമ്മില്‍ സംഘര്‍ഷ അന്തരീക്ഷം രൂപപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

വൈദ്യുതി ബോര്‍ഡില്‍ സംഭവിക്കുന്നത് എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് സിഎംഡിയും ചെയര്‍മാനുമെതിരായി എംജി സുരേഷ് കുമാര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബോര്‍ഡിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മാനേജ്‌മെന്റും തൊഴിലാളികളും ഓഫീസര്‍മാരും സംഘടനകളും യോജിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു. എന്നാല്‍, ബി അശോക് ചെയര്‍മാന്‍ ആയതോടെ മാനേജ്‌മെന്റിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി. ഇത് കൂട്ടായ്മ തകരാന്‍ കാരണമായെന്നും സംഘടനകളെ സമരത്തിലേക്ക് നയിച്ചത് സമീപനത്തില്‍ വന്നിട്ടുള്ള ഈ മാറ്റമാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. കെ ഫോണ്‍ പദ്ധതിയെ പരാതി നല്‍കി മുടക്കാന്‍ ബോര്‍ഡിലുള്ള ചിലര്‍ ശ്രമിച്ചു. സാലറി ചലഞ്ച്, വാക്‌സീന്‍ ചലഞ്ച് തുടങ്ങിയ നടപടികളെ ചോദ്യം ചെയ്തു. മാനേജ്‌മെന്റിലുണ്ടായ മാറ്റത്തില്‍ എഞ്ചിനീയര്‍മാരുടെ കാറ്റഗറി സംഘടനയക്ക് വലിയ പ്രധാന്യം കൊടുത്തു. പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം കാറ്റഗറി സംഘടനയുടെ ആളുകളെ നിയോഗിച്ചുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

യൂണിഫോം എന്ന പേരില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ടീ ഷര്‍ട്ടുകളും ചുരിദാറുകളും വിതരണം ചെയ്യാന്‍ തീരുമാനം എടുത്തു. അറുപതോ എഴുപതോ രൂപയക്ക് കിട്ടുമായിരുന്ന ടീഷര്‍ട്ട് 250 രൂപയും ടാക്‌സും നിരക്കില്‍ വാങ്ങാനുള്ള നീക്കം സംഘടനകള്‍ എതിര്‍ത്തു. സ്വന്തമായി പൊതുജന സമ്പര്‍ക്ക പരിപാടി നടത്താമെന്നിരിക്കെ പൊതുജന സമ്പര്‍ക്ക വിഭാഗം പുറം കരാര്‍ കൊടുക്കാന്‍ ഏകപക്ഷീയമായ തീരുമാനം ഉണ്ടായി. 1200 വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചെങ്കിലും വില കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ കുറേയെണ്ണം ഒരുമിച്ച് വാങ്ങുന്നത് ഗുണം ചെയ്യില്ലെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡിന്റെ സോഫ്‌റ്റ്വെയര്‍ ഫലപ്രദമല്ലെന്ന് പ്രചരിപ്പിക്കുകയും ടാറ്റാ പവറില്‍ നിന്നും സ്വകാര്യ സോഫ്‌റ്റ്വെയര്‍ വാങ്ങാനുള്ള നീക്കം ഉണ്ടായി. എന്നാല്‍ ഇത് മോശം നിലവാരത്തിലുള്ളതാണെന്ന് സംഘടനകള്‍ സമര്‍ഥിച്ചതോടെ പിന്‍മാറേണ്ടി വന്നു. 11 കെവി ലൈനുകളില്‍ തകരാറുകണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഫാള്‍ട്ട് പാസ് ഇന്‍ഡിക്കേറ്റര്‍ അമിത വിലയ്ക്ക് പുറത്ത് നിന്നും വാങ്ങാനുള്ള ശ്രമത്തേയും സംഘടനകള്‍ ചേര്‍ന്ന് തടഞ്ഞുവെന്നും ഇതിന്റെ തുടര്‍ച്ചയായാണ് മാനേജ്‌മെന്റും സംഘടനകളും തമ്മില്‍ സംഘര്‍ഷ അന്തരീക്ഷം രൂപപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവായ ജാസ്മിന്‍ ബാനുവിനെതിരെ ചട്ടവിരുദ്ധമായാണ് നടപടിയെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ കളിയാക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്ന ആരോപണം അദ്ദേഹം ലേഖനത്തിലും തുടര്‍ന്നു. മാനേജ്‌മെന്റും സംഘടനകളും ജീവനക്കാരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സാഹചര്യത്തില്‍ അതിന് വിഘാതമായ സമീപനം തിരുത്താനുള്ള പ്രക്ഷോഭങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി.

STORY HIGHLIGHTS: MG Suresh Kumar with serious corruption allegations against KSEB Chairman B Ashok

Next Story