Top

'ഞാൻ മറുപടി പറയേണ്ടത് മുൻ മന്ത്രിയോട്; യാത്ര ഔദ്യോ​ഗിക ആവശ്യത്തിനായിരുന്നു'; എം ജി സുരേഷ് കുമാർ

ഇതിനെല്ലാം ഞാന്‍ ഉത്തരം പറയേണ്ട ഏക വ്യക്തി മുന്‍ വൈദ്യുത മന്ത്രി എംഎം മണിയോടാണ്.

21 April 2022 4:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാൻ മറുപടി പറയേണ്ടത് മുൻ മന്ത്രിയോട്; യാത്ര ഔദ്യോ​ഗിക ആവശ്യത്തിനായിരുന്നു; എം ജി സുരേഷ് കുമാർ
X

തിരുവനന്തപുരം: ഔദ്യോ​ഗിക ആവശ്യത്തിന് മാത്രമാണ് കെഎസ്ഇബി വാഹനം ഉപയോ​ഗിച്ചതെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാർ. മന്ത്രിയുടെ അനുമതിയോടെ അദ്ദേഹത്തിന്റെ നിർദേശ പ്രകാരമുളള യാത്രകളാണ് നടത്തിയത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഒരിക്കലും വാഹനമുപയോ​ഗിച്ചിട്ടില്ല. താ‍നും തന്റെ ഓഫീസിലുളള മറ്റ് ജീവനക്കാരും വാഹനമുപയോ​ഗിച്ചിട്ടുണ്ട്. ആരോപണങ്ങൾക്കെല്ലാം ഞാൻ മറുപടി പറയേണ്ടത് മുൻ മന്ത്രിയോടാണ്. അദ്ദേഹം ചോദിച്ചാൽ മറുപടി നൽകുമെന്നും സുരേഷ് കുമാർ വ്യക്തമാക്കി. കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്ന് കാണിച്ച് ഏഴ് ലക്ഷത്തോളം രൂപ പിഴ ചുമത്തിയതിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് കുമാർ.

എം ജി സുരേഷ് കുമാർ പറഞ്ഞത്,

'കസ്‌റ്റോഡിയന്‍ എന്ന നിലക്ക് എന്നെ ഏല്‍പ്പിച്ച വാഹനം സര്‍ട്ടിഫൈ ചെയ്ത് കൊടുത്തിട്ടുളളത് താനാണ്. അതിനകത്ത് ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. എന്റെ ഓഫീസിലെ മറ്റ് ജീവനക്കാരും യാത്ര ചെയ്തിട്ടുണ്ട്. അത് കൃത്യമായും ജോലിസംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. വൈദ്യുത മന്ത്രിയുടെ അധികാരപരിധി എന്ന് പറയുന്നത് കേരളമാണ്. അല്ലാതെ തിരുവനന്തപുരം നഗരം മാത്രമല്ല. മന്ത്രിയുടെ അധികാരപരിധിയിൽപ്പെട്ട സ്ഥലത്ത് അദ്ദേഹം നിര്‍ദേശിച്ചിട്ടുളള ജോലിക്ക് വേണ്ടി യാത്ര ചെയ്തിട്ടുണ്ട്.'

'അങ്ങനെ യാത്ര ചെയ്തുകൊണ്ടു തന്നെയാണ് വൈദ്യുത വകുപ്പില്‍ എന്തൊക്കെയാണ് നടക്കുന്നത് എന്ന് നോക്കുന്നത്. വൈദ്യുത മന്ത്രിയെ സഹായിക്കുക എന്നതാണ് എന്റെ ജോലി. അദ്ദേഹം നിര്‍ദേശിച്ച കാര്യങ്ങള്‍ ചെയ്യുക, വേണ്ട വിവരങ്ങള്‍ കൈമാറുക, നിര്‍ദേശിച്ച കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിക്കുക, ഇതൊക്കെയാണ് എന്റെ ജോലി. ആ ജോലി ഞാന്‍ കൃത്യമായി ചെയ്തിട്ടുണ്ട്. അതിന് വേണ്ടി എവിടെയൊക്കെ പോകണമോ അവിടെയൊക്കെ പോയിട്ടുമുണ്ട്. ഇതിനെല്ലാം ഞാന്‍ ഉത്തരം പറയേണ്ട ഏക വ്യക്തി മുന്‍ വൈദ്യുത മന്ത്രി എംഎം മണിയോടാണ്. എംഎം മണിക്ക് തന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതിന് മറുപടി പറയുകയും ചെയ്യും. മന്ത്രിയുടെ അനുമതിയില്ലാത്ത ഒരു യാത്രയും ഞാന്‍ ചെയ്തിട്ടില്ല.'

'കുറ്റ്യാടിയിലെ എന്റെ വീട്ടില്‍ പോയതും മന്ത്രിയുടെ അനുമതിയോടെയാണ്. ഔദ്യോഗിക ആവശ്യത്തിന് പോയപ്പോഴാണ് വീട്ടില്‍ പോയത്. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ കയറാന്‍ പാടില്ല എന്ന് ഏതെങ്കിലും നിയമമുളളതായി അറിയില്ല. ആ യാത്ര ഔദ്യോഗികമാണോ അല്ലയോ എന്ന് എങ്ങനെയാണ് തിട്ടപ്പെടുത്തിയത് എന്നും അറിയില്ല. വൈദ്യുത ബോര്‍ഡ് പൊതുമേഖല സ്ഥാപനമാണ്. വാഹനം ദുരുപയോഗം ചെയ്തുവെന്ന് പറയേണ്ടത് അതിന്റെ കസ്റ്റോഡിയനാണ്. ഉടമസ്ഥന്‍ കേരള സര്‍ക്കാരാണ് സിഎംഡിയല്ല. '

'ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കുമ്പോള്‍ വിഷയം ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി വിശദീകരണം തേടിയ ശേഷമെ നടപടി സ്വീകരിക്കാനാവുകയുള്ളു. വൈദ്യുതി മന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്ന സമയത്തെ വിഷയത്തിലാണ് നടപടി. ആ സാഹചര്യത്തില്‍ അന്നത്തെ വൈദ്യുത മന്ത്രിയോട് കൂടി വിഷയത്തില്‍ വിവരങ്ങള്‍ തേടേണ്ടതുണ്ട്. ഇപ്പോള്‍ ചെയ്യുന്നത് വ്യക്തിഹത്യയാണ്. അതിന് മാധ്യമങ്ങളെ ഉപയോഗിക്കുയാണ് ' എന്നും എംജി സുരേഷ്‌കുമാര്‍ പ്രതികരിച്ചു. മന്ത്രിയുടെ സ്റ്റാഫായിരുന്ന സമയത്ത് അനധികൃതമായി കെഎസ്ഇബിയുടെ വാഹനം ഉപയോഗിച്ചു എന്നതാണ് സുരേഷ് കുമാറിനെതിരേയുളള നടപടിക്ക് ആധാരം. 6,72,560 രൂപ പിഴയൊടുക്കണം എന്നാണ് നിര്‍ദേശം.

STORY HIGHLIGHTS: MG Suresh Kumar says The trip was for official purpose and I have to reply to the former minister

Next Story