Top

ബാലികയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറയുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വെന്റിലേറ്ററില്‍ തുടരുന്നു

ക്രൂര മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരി വെന്റിലേറ്ററില്‍ തുടരുന്നു

22 Feb 2022 9:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാലികയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറയുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വെന്റിലേറ്ററില്‍ തുടരുന്നു
X

ക്രൂര മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരി വെന്റിലേറ്ററില്‍ തുടരുന്നു. കുട്ടിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. നട്ടെല്ലില്‍ സുഷുമ്‌നാ നാഡിയ്ക്ക് മുന്‍പില്‍ രക്തസ്രാവം ഉള്ളതായി സ്ഥിരീകരിച്ചു. എം ആര്‍ ഐ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടിയുടെ ശരീരോഷ്മാവും ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അപസ്മാരം ഉണ്ടായിട്ടില്ല. തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനും അപസ്മാരം വരാതിരിക്കാനുമുള്ള മരുന്നുകള്‍ നല്‍കിയുള്ള ചികിത്സ തുടരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. കാക്കനാട് തെങ്ങോടുള്ള ഫഌറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് അക്രമണത്തിനിരയായത്. ഞായറാഴ്ച്ച രാത്രി അമ്മയും മുത്തശ്ശിയും ചേര്‍ന്നാണ് കുട്ടിയെ പഴങ്ങനാട് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ബാലികയുടെ നില ഗുരുതരമായതോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.

ഇന്ന് കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയ പിതാവ് അമ്മയ്‌ക്കൊപ്പം ഫഌറ്റില്‍ താമസിച്ചുവരുന്ന ആന്റണിയെന്നയാള്‍ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ആന്റണി ടിജിന്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്നും അദ്ദേഹത്തെ പറ്റി വീട്ടുകാര്‍ക്ക് പോലും മോശം അഭിപ്രായം ആണെന്നും പിതാവ് പറഞ്ഞു. കുട്ടിയുടെ മുമ്പില്‍ നിന്നടക്കം ആന്റണി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പിതാവ് ആരോപിച്ചു. ഒപ്പം കുട്ടിയുടെ സംരക്ഷണാവകാശവും നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഹൈപ്പര്‍ ആക്ടീവായ കുട്ടി സ്വയം ശരീരത്തില്‍ മുറിവേല്‍പ്പിച്ചതാണെന്ന അമ്മയുടെ വാദവും പിതാവ് തള്ളി. തന്റെ കുട്ടി ഹൈപ്പര്‍ ആക്ടീവ് അല്ലെന്നും അങ്ങനെ സംഭവിച്ച അപകടം അല്ല ഇതെന്നും പിതാവ് പറഞ്ഞു.

Next Story