അഞ്ചാംപനി; പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും
കുട്ടികൾക്ക് ആദ്യ കുത്തിവെപ്പ് ഒൻപതാം മാസത്തിലും രണ്ടാം ഡോസ് പതിനാറാം മാസത്തിലും എടുക്കണം
26 Nov 2022 2:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: മലപ്പുറം ജില്ലയിൽ അഞ്ചാം പനി പടരുന്നതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് അഞ്ചാം പനി വ്യാപകമായി സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയിലെ അഞ്ചാംപനി കൂടുതലുളള സ്ഥലങ്ങളിൽ കേന്ദ്ര സംഘം പരിശോധന നടത്തും. ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പയിൻ ആരംഭിക്കും.
ഇതുവരെ 140 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 130ഉം മലപ്പുറം ജില്ലയിലാണ്. ആറു മാസം മുതൽ മൂന്ന് വയസു വരെ പ്രായമുളള കുട്ടികളിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്.
വായുവിലൂടെ പകരുന്ന രോഗമാണ് അഞ്ചാംപനി. പനി, ചുമ, കണ്ണ് ചുവക്കൽ, ജലദോഷം ,ദേഹമാസകലം ചുവന്ന തടിപ്പുകൾ എന്നിവയാണ് രോഗലക്ഷണങ്ങള്‍. രണ്ടു ഡോസ് മീസൽസ് കുത്തിവെപ്പ് എടുക്കുന്നതാണ് പനിയെ പ്രതിരോധിക്കാനുളള ഫലപ്രദമായ മാർഗം. കുട്ടികൾക്ക് ആദ്യ കുത്തിവെപ്പ് ഒൻപതാം മാസത്തിലും രണ്ടാം ഡോസ് പതിനാറാം മാസത്തിലും എടുക്കണം. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ മരണം സംഭവിക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
STORY HIGHLIGHTS: Measles in Kerala central team will arrive today
- TAGS:
- Measles
- Kerala
- Malappuram