Top

അവസാന മണിക്കൂര്‍ വരെ ജനങ്ങള്‍ക്കിടയില്‍ കര്‍മ്മനിരതയായി ജോസഫൈന്‍

വിദ്യാര്‍ഥി - യുവജന - മഹിളാ പ്രസ്ഥാനങ്ങളില്‍ അരനൂറ്റാണ്ടിലേറെയാണ് ജോസഫൈന്റെ പ്രവര്‍ത്തനപാടവം

10 April 2022 11:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവസാന മണിക്കൂര്‍ വരെ ജനങ്ങള്‍ക്കിടയില്‍ കര്‍മ്മനിരതയായി ജോസഫൈന്‍
X

കണ്ണൂർ: ജീവിതത്തിന്റെ അവസാന മണിക്കൂര്‍ വരെ ജനങ്ങള്‍ക്കിടയില്‍ കര്‍മ്മനിരത. സംഘടനകളെ കരുത്തോടെ നയിച്ച് ജീവിതം പാര്‍ട്ടിക്ക് വേണ്ടി മാറ്റി വച്ച കരുത്തയായ വനിതാ നേതാവായിരുന്നു അന്തരിച്ച എംസി ജോസഫൈന്‍. ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനനഗരയില്‍ വച്ച് വിടവാങ്ങല്‍.

സമാപന ദിവസത്തെ ജോസഫൈന്റെ മരണം പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയിലെ ഏവരെയും ദുഃഖത്തിലാഴ്ത്തി. പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലാതിരുന്ന എം സി ജോസഫൈന്‍ അടിയന്തരാവസ്ഥക്ക് ശേഷമാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

മുതിര്‍ന്ന സിപിഐഎം നേതാവായ ജോസഫൈന് പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍ട്ടിയുടെ സംഘടനാരംഗത്ത് അവര്‍ എന്നും നിറസാന്നിദ്ധ്യമായിരുന്നു. വനിതകള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ കുടുംബപരവും സാമൂഹ്യവുമായ ഒത്തിരി എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന കാലത്താണ് ജോസഫൈന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി മാറുന്നത്. 1978ല്‍ ജോസഫൈന്‍ സിപിഐഎം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചില്‍ അംഗമായി. പിന്നീട് കെഎസ്‌വൈഎഫ് ബ്ലോക്ക് തല പ്രവര്‍ത്തകയായി യുവജന മേഖലയില്‍ ജോസഫൈന്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു.

കെഎസ്‌വൈഎഫിന്റെ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതകള്‍ എന്ന ബഹുമതി പി.കെ.ശ്രീമതിക്കും ജോസഫൈനുമാണ്. 1978 മുതല്‍ മഹിളാ സംഘടനയുടെ ഭാഗമായി. പിന്നീട് പാര്‍ട്ടി മുഴുവന്‍ സമയപ്രവര്‍ത്തകയാകാന്‍ ആവശ്യപ്പെട്ടപ്പോഴും മഹിളാ അസോസിയേഷന്‍ തന്നെയായിരുന്നു ജോസഫൈന്റെ പ്രധാന പ്രവര്‍ത്തന മേഖല. സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. 1987ല്‍ സംസ്ഥാന കമ്മറ്റിയിലേക്കും 2003ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയിലേക്കും എത്തി.

സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ സ്ഥാനം വഹിക്കുമ്പോഴാണ് ജോസഫൈനെതിരെയുളള വിവാദങ്ങള്‍ ശക്തമായത്. അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ ജോസഫൈന്റെ പല തീരുമാനങ്ങളും പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയിലേക്ക് മാത്രം ചുരുങ്ങി പോയി എന്നായിരുന്നു പ്രധാന വിമര്‍ശനം.

കൂടാതെ കര്‍ക്കശമായ സ്വഭാവ സവിശേഷതയും പലപ്പോഴും ജോസഫൈനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ തന്നെയും ജോസഫൈന്‍ നല്ലൊരു സാമൂഹ്യപ്രവര്‍ത്തകയായിരുന്നു. സൂര്യനെല്ലി കേസിലെ അതിജീവിതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഇടപെടല്‍ നടത്തിയ ആളായിരുന്നു ജോസഫൈന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ പല ചൂഷണ കേസുകളും പൊതുമധ്യത്തില്‍ എത്തുന്നതിന് ജോസഫൈന്റെ ഇടപെടലുകള്‍ നിര്‍ണായകമായി.

വിദ്യാര്‍ഥി - യുവജന - മഹിളാ പ്രസ്ഥാനങ്ങളില്‍ അരനൂറ്റാണ്ടിലേറെയാണ് ജോസഫൈന്റെ പ്രവര്‍ത്തനപാടവം. സംഘടനയില്‍ എന്നും ധീരമായ നിലപാട് സ്വീകരിക്കുകയും അത് പാര്‍ട്ടി വേദികളില്‍ വ്യക്തമാക്കുകയും ചെയ്ത ശക്തയായ പ്രവര്‍ത്തക കൂടിയായിരുന്നു ജോസഫൈന്‍.

Story highlights: MC Josephine the senior CPM leader

Next Story