Top

'ഗവര്‍ണര്‍ക്ക് പിന്നില്‍ ആര്‍എസ്എസ്' ; ബാഹ്യസംഘടനാ ബന്ധം നല്ലതല്ലെന്ന് എംബി രാജേഷ്

19 Sep 2022 6:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണര്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ; ബാഹ്യസംഘടനാ ബന്ധം നല്ലതല്ലെന്ന് എംബി രാജേഷ്
X

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അസാധാരണ നീക്കവുമായി മുന്നോട്ട് പോകുന്ന ഗവർണറെ വിമർശിച്ച് മുൻ സ്പീക്കറും മന്ത്രിയുമായ എം ബി രാജേഷ്. ഗവർണർക്ക് പിന്നിൽ ആർഎസ്എസാണെന്ന് എം ബി രാജേഷ് ആരോപിച്ചു. ഗവർണറും ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് ഇത് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.

ചെറിയ ആസൂത്രണം അല്ല ആർഎസ്എസ് നടത്തുന്നത്. സർക്കാരിനെ ലക്ഷ്യം വെച്ച് വലിയ ഉപജാപം നടത്തുന്നു. കേരളത്തിന്റെ മത നിരപേക്ഷ സമൂഹം ഇതിനെതിരെ രംഗത്തെത്തണമെന്നും മന്ത്രി പറഞ്ഞു. കുറേക്കാലമായി സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. കത്ത് പുറത്തുവിടട്ടെയെന്നും അദ്ദേഹം കൂട്ടിചേർത്തു. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാൾ / ഭരണഘടനാ ബാഹ്യമായ ഒരു സംഘടനയുമായി ബന്ധം സ്ഥാപിക്കുന്ന് നല്ല കാര്യമല്ലെന്നും മന്ത്രി വിമർശിച്ചു.

ഇന്ന് 11:45 ന് രാജ്ഭവനിൽ ഗവർണർ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ സര്‍ക്കാരിനെതിരായ തെളിവുകൾ പുറത്തു വിടുമെന്ന് ഗവർണർ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോൺഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും, മുഖ്യമന്ത്രിയുടെ കത്തും ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുമെന്നാണ് വിവരം.

കണ്ണൂരിൽ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ എന്തെങ്കിലും തെളിവുകളോ രേഖകളോ ഗവര്‍ണര്‍ പുറത്തു വിടുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. കണ്ണൂരിൽ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഗൂഢാലോചനയുടെ ഫലമാണ് സര്‍വകലാശാലയില്‍ നടന്നത്. അതിന്റെ വാസ്തവം കണ്ടുപിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിടുകയാണ്. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഞായറാഴ്ച ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞിരുന്നു.

അതേസമയം, ഗവർണർക്കെതിരെ കാനം രാജേന്ദ്രൻ, എ കെ ബാലൻ, മന്ത്രി പി രാജീവ് തുടങ്ങിയ ഇടത് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നായിരുന്നു പി രാജീവിന്റെ വിമർശനം. പദവിയിലിരിക്കുന്നവര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്ന തരത്തില്‍ പെരുമാറണമെന്നും പി രാജീവ് വിമര്‍ശിച്ചു.

STORY HIGHLIGHTS: MB Rajesh criticized the governor Arif Mohammad Khan

Next Story