Top

'നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല'; വ്യാജമാണോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് മേയര്‍

വിവാദമായതിന് പിന്നാലെ ഒഴിവ് നികത്തല്‍ എംപ്ലോയിമെന്റ് എക്‌സചേഞ്ചിന് നല്‍കിയത് സര്‍ക്കാരുമായി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും മേയര്‍ വിശദീകരിച്ചു

6 Nov 2022 12:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല; വ്യാജമാണോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് മേയര്‍
X

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് മേയര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയര്‍. കത്ത് ആരെങ്കിലും ബോധപൂര്‍വ്വം നിര്‍മ്മിച്ചതാണോ അല്ലെങ്കില്‍ വ്യാജമായി സൃഷ്ടിച്ചതാണോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ കണ്ടുപിടിക്കാനാവൂ. കത്ത് കൊടുക്കുന്ന പ്രവണത സിപിഐഎമ്മില്‍ ഇല്ലെന്നും മേയര്‍ വ്യക്തമാക്കി.

'കത്തിന്റെ ഒറിജിനല്‍ കോപ്പി ആരും കണ്ടിട്ടില്ല. എഡിറ്റ് ചെയ്യപ്പെട്ട കോപ്പിയാണ് കണ്ടത്. കണ്ടന്റ് ഹൈലൈറ്റ് ചെയത കോപ്പിയാണ് എല്ലാവര്‍ക്കും കിട്ടിയത്. ഇക്കാര്യംഅന്വേഷിക്കേണ്ടത് എന്റെ കൂടി ആവശ്യമാണ്. സത്യപ്രതിജ്ഞ പാലിക്കേണ്ടയാളാണ്.' മേയര്‍ വ്യക്തമാക്കി.

തന്റെ ലെറ്റര്‍ ഹെഡ് മറ്റാരും ഉപയോഗിക്കരുതെന്ന് പേറ്റന്റ് ഒന്നും എടുത്തിട്ടില്ല. ഞാന്‍ അങ്ങനൊരു കത്ത് തയ്യാറാക്കുകയോ ഒപ്പിട്ടിട്ടോ ഇല്ലെന്നും മേയര്‍ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ഓഫീസിനെ സംശയിക്കുന്നില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. നഗരസഭയിലെ ജീവനക്കാരില്‍ ആരേയും സംശയിക്കുന്നില്ല. നമുക്കൊപ്പമുള്ളവരാണ് അവരും. ഇക്കാര്യത്തില്‍ ജോലി ഒഴിവ് സംബന്ധിച്ച് പത്രപരസ്യം നേരത്തെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

വിവാദമായതിന് പിന്നാലെ ഒഴിവ് നികത്തല്‍ എംപ്ലോയിമെന്റ് എക്‌സചേഞ്ചിന് നല്‍കിയത് സര്‍ക്കാരുമായി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും മേയര്‍ വിശദീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകനാണ് കത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത് എന്ന ആരോപണത്തില്‍ ഇക്കാര്യം അന്വേഷിക്കേണ്ടത് പാര്‍ട്ടിയാണെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരേയും മേയര്‍ രംഗത്തെത്തി. കള്ളനെ പൊലീസ് പിടിക്കുന്നത് പോലെയാണ് മാധ്യമങ്ങള്‍ നോക്കുന്നത്. മറച്ചുവെക്കാനോ ഒളിച്ചുവെക്കാനോ അല്ല. മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ശരായായ സമീപനമല്ല ഉണ്ടായതെന്നും മേയര്‍ പറഞ്ഞു.

Story Highlights: mayor arya rajendran reaction in letter controversy

Next Story