'ഏത് കോട്ടയും പൊളിയും'; മട്ടന്നൂരിലെ മുന്നേറ്റം സ്വജനപക്ഷപാതത്തിനേറ്റ തിരിച്ചടിയെന്ന് വി ഡി സതീശൻ
'കേരളത്തിലെ യുഡിഎഫ് സുസജ്ജമാണെന്നതിന്റെ തെളിവ് കൂടിയാണ് മട്ടന്നൂര്‍'
22 Aug 2022 7:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മട്ടന്നൂർ നഗരസഭയിൽ യുഡിഎഫിന്റെ ഫലം സർക്കാരിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അധികാരത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞ് തുടങ്ങി. അതിന്റെ തുടക്കമാണ് സിപിഐഎമ്മുകാര്‍ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ കണ്ടതെന്ന് വി ഡി സതീശൻ പറഞ്ഞു. എല്‍ഡിഎഫിന് ആധിപത്യമുള്ള 8 സീറ്റുകളാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിടിച്ചെടുത്തത്.
''ഏത് കോട്ടയും പൊളിയും. ഒരു വാര്‍ഡ് നാല് വോട്ടിനാണ് പരാജയപ്പെട്ടത്. നാല് സീറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ യുഡിഎഫ് നഗരസഭ ഭരിക്കുമായിരുന്നു. ചില സീറ്റുകളിൽ സിപിഐഎം- ബിജെപി ധാരണയും എസ്ഡിപിഐ സഹായവും ഇല്ലായിരുന്നുവെങ്കിൽ മട്ടന്നൂരിൽ കഥ മാറിയേനെ. കേരളത്തിലെ യുഡിഎഫ് സുസജ്ജമാണെന്നതിന്റെ തെളിവ് കൂടിയാണ് മട്ടന്നൂര്‍. മികച്ച ആസൂത്രണവും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഏകോപിപ്പിച്ച കണ്ണൂരിലെ യുഡിഎഫ് നേതാക്കളെ അഭിനന്ദിക്കുന്നു. '' വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
35 വാര്‍ഡുകളിലുള്ള മട്ടന്നൂർ നഗരസഭയിൽ എല്‍ഡിഎഫ് 21ഉം യുഡിഎഫ് 14 സീറ്റുമാണ് ലഭിച്ചത്. ബിജെപിക്ക് ഒരു വാര്‍ഡും ലഭിച്ചില്ല. ഇത് ആറാം തവണയാണ് എല്‍ഡിഎഫ് നഗരസഭ ഭരിക്കുന്നത്. യുഡിഎഫിന്റെ ഒരു വാര്‍ഡ് ഇടതുമുന്നണിയും പിടിച്ചെടുത്തു. കീച്ചേരി, കല്ലൂര്‍, മുണ്ടയോട്, പെരുവയല്‍ക്കരി, കായലൂര്‍, കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, ദേവര്‍ക്കാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയര്‍പോര്‍ട്ട്, ഉത്തിയൂര്‍, നാലാങ്കേരി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. മണ്ണൂര്‍, പൊറോറ, ഏളന്നൂര്‍, ആണിക്കരി, കളറോഡ്, ബേരം, പെരിഞ്ചേരി, ഇല്ലംഭാഗം, മട്ടന്നൂര്‍, ടൗണ്‍, മരുതായി, മേറ്റടി, മിനിനഗര്‍, പാലോട്ടുപള്ളി എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്.
കഴിഞ്ഞ തവണ എല്‍ഡിഎഫിന് 28 സീറ്റും യുഡിഎഫിന് ഏഴും സീറ്റുകളാണ് ഉണ്ടായിരുന്നത്. 1997ല്‍ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. നിലവിലെ നഗരസഭ കൗണ്‍സിലിന്റെ കാലാവധി സെപ്തംബര്‍ 10ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ 11ന് നടക്കും.
STORY HIGHLIGHTS: VD Satheesan said that Mattannur election result was a setback for the government
- TAGS:
- Mattannur
- UDF
- VD Satheesan
- LDF