Top

മാര്‍ക്ക് ജിഹാദ്: സംഘപരിവാറിനെ ഭയന്നാകാം മുഖ്യമന്ത്രിയുടെ മൗനമെന്ന് കെ സുധാകരന്‍, 'അധ്യാപകനെതിരെ നടപടി തേടി രാഷ്ട്രപതിക്ക് കത്ത്'

14 Oct 2021 2:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാര്‍ക്ക് ജിഹാദ്: സംഘപരിവാറിനെ ഭയന്നാകാം മുഖ്യമന്ത്രിയുടെ മൗനമെന്ന് കെ സുധാകരന്‍, അധ്യാപകനെതിരെ നടപടി തേടി രാഷ്ട്രപതിക്ക് കത്ത്
X

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി കുട്ടികളുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തില്‍ മാര്‍ക്ക് ജിഹാദ് ആണെന്ന് വംശീയ വിരുദ്ധ പരാമര്‍ശം നടത്തിയ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകന്‍ പ്രൊഫ. രാകേഷ് പാണ്ഡെയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെപിസിസി അധ്യക്ഷന്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

സംഘപരിവാറിനെ ഭയന്നാകാം കേരള മുഖ്യമന്ത്രി വിഷയത്തില്‍ കുറ്റകരമായ മൗനം പാലിക്കുന്നത് എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സുധാകരന്റെ പ്രതികരണം. 'ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ക്കൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗസ്സുണ്ട്' എന്ന് അവകാശപ്പെടുന്ന സുധാകരന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തിന്റെ പകര്‍പ്പും പോസ്റ്റില്‍ പങ്കുവച്ചു.

കത്തിന്റെ പൂര്‍ണ രൂപം

മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിഷം തുപ്പിയ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട രാഷ്ട്രപതിയ്ക്ക് കത്ത് നല്‍കി.

ഈ വിഷയത്തില്‍ സംഘപരിവാറിനെ ഭയന്നാകാം കേരള മുഖ്യമന്ത്രി കുറ്റകരമായ മൗനം പാലിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നു, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി കുട്ടികളുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും.



കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയിലെ സര്‍വകലാശാലകളില്‍ പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദാണെന്ന പ്രൊഫ രാകേഷ് പാണ്ഡെയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കാണ് പരാമര്‍ശം ഇടയാക്കിയത്. മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് കേരളം നേരത്തെ രംഗത്ത എത്തിയിരുന്നു. മാര്‍ക്ക് ജിഹാദ് പരാമര്‍ശം നടത്തിയ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് കുമാര്‍ പാണ്ഡെക്കെതിരെ നടപടി എടുക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചു.

കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് അത്തരം പരാമര്‍ശം നടത്തിയതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രൊഫ. രാകേഷ് കുമാര്‍ പാണ്ഡെക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും കത്തയച്ചിരുന്നു.

Popular Stories

    Next Story