Top

'മന്‍സിയയ്ക്ക് ക്ഷേത്രത്തില്‍ നൃത്തം ചെയ്യാന്‍ വിലക്ക്'; ആശങ്കാകുലമായ കാര്യമെന്ന് കെകെ ശൈലജ

''ചില ആലോചനകളുടെ ഭാഗമായി മുസ്ലിം നാമധാരിയായതിനാല്‍ പരിപാടി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയയെ അറിയിക്കുകയായിരുന്നു.''

28 March 2022 11:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്‍സിയയ്ക്ക് ക്ഷേത്രത്തില്‍ നൃത്തം ചെയ്യാന്‍ വിലക്ക്; ആശങ്കാകുലമായ കാര്യമെന്ന് കെകെ ശൈലജ
X

പ്രശസ്ത നര്‍ത്തകി മന്‍സിയയ്ക്ക് ക്ഷേത്രത്തിലെ സാംസ്‌കാരികോത്സവത്തില്‍ നൃത്തം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണെന്ന് കെകെ ശൈലജ ടീച്ചര്‍. ഒരു മതത്തിലും ഇല്ലാത്ത താന്‍ ഏത് മതത്തിലേക്കാണ് മാറേണ്ടത് എന്ന മന്‍സിയയുടെ മറുപടി നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊണ്ട ആയിരക്കണക്കിന് മനുഷ്യരുടെ മനസിലുള്ള ചോദ്യമാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കി മാത്രമേ മനുഷ്യന് ജീവിക്കാന്‍ കഴിയൂയെന്ന അവസ്ഥ വന്നാല്‍ മതപരമായ കടുംപിടുത്തങ്ങള്‍ക്കും വര്‍ഗീയതയ്ക്കും നാട് സാക്ഷ്യം വഹിക്കുമെന്നും ശൈലജ ടീച്ചര്‍ ചൂണ്ടിക്കാണിച്ചു.

കെകെ ശൈലജ ടീച്ചര്‍ പറഞ്ഞത്: പ്രശസ്ത നര്‍ത്തകി മന്‍സിയയ്ക്ക് ക്ഷേത്രത്തിലെ സാംസ്‌കാരികോത്സവത്തില്‍ നൃത്തം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണ്. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള നൃത്തോത്സവത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ മന്‍സിയ നല്‍കിയ അപേക്ഷ വിശദമായ പരിശോധനകള്‍ക്ക് ശേഷം സ്വീകരിക്കുകയും ഏപ്രില്‍ 21ന് പരിപാടി ചാര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന ചില ആലോചനകളുടെ ഭാഗമായി മുസ്ലിം നാമധാരിയായതിനാല്‍ പരിപാടി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയയെ അറിയിക്കുകയായിരുന്നു.

എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷവും ഇങ്ങനെ ഒരു പ്രതികരണത്തിന്റെ കാരണം തിരക്കിയപ്പോള്‍ വിവാഹ ശേഷവും നിങ്ങള്‍ മതം മാറാന്‍ തയ്യാറാവാത്തത് എന്താണെന്ന മറുചോദ്യമാണ് ക്ഷേത്ര ഭാരവാഹികള്‍ ഉന്നയിച്ചത്. ഒരു മതത്തിലും ഇല്ലാത്ത താന്‍ ഏത് മതത്തിലേക്കാണ് മാറേണ്ടത് എന്ന മന്‍സിയയുടെ മറുപടി നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊണ്ട ആയിരക്കണക്കിന് മനുഷ്യരുടെ മനസിലുള്ള ചോദ്യമാണ്.

ഏതെങ്കിലുമൊരു മതത്തെ അടിസ്ഥാനമാക്കി മാത്രമേ മനുഷ്യന് ജീവിക്കാന്‍ കഴിയു എന്ന അവസ്ഥ വന്നാല്‍ മതപരമായ കടുംപിടുത്തങ്ങള്‍ക്കും വര്‍ഗീയതയ്ക്കും നാട് സാക്ഷ്യം വഹിക്കും. മതാതീതമായ സൗഹൃദത്തിലേക്ക് നാട് വളരണമെന്നാണ് നാം ആഗ്രഹിച്ചത്. അതുകൊണ്ടാണ് രാജ്യം സ്വതന്ത്രമായപ്പോള്‍ ഇന്ത്യ മതേതര രാജ്യമായിരിക്കുമെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. മതപരമായ ആചാരങ്ങളിലെ വ്യത്യാസങ്ങള്‍ക്കപ്പുറം നാമെല്ലാം ഇന്ത്യന്‍ പൗരന്‍മാരാണെന്നും, പരസ്പര സ്‌നേഹവും അംഗീകാരവും നിലനിര്‍ത്തിക്കൊണ്ടു മാത്രമേ രാജ്യത്തിന്റെ സുസ്തിരത ഉറപ്പിക്കാന്‍ കഴിയു എന്നുമാണ് സ്വാതന്ത്ര്യ സമര സേനാനികള്‍ കരുതിയത്.

എന്നാല്‍ ഇന്ന് മത കേന്ദ്രീകൃതമായി ചിന്തിക്കാന്‍ ഒരു വിഭാഗം ആളുകള്‍ പ്രേരിപ്പിക്കുന്നുവെന്നതും ഇന്ത്യന്‍ ഭരണാധികാരികളും അതിന് പിന്‍തുണ നല്‍കുന്നുവെന്നതും ഭയാനകമായ വസ്തുതയാണ്. മതത്തെയല്ല മനുഷ്യത്വത്തെ അടിസ്ഥാനമാക്കിയാണ് നാം പ്രവര്‍ത്തിക്കേണ്ടതെന്നാന്നാണ് രബീന്ദ്രനാഥ ടാഗോറും, ശ്രീനാരായണ ഗുരുദേവനുമെല്ലാം ഉദ്‌ഘോഷിച്ചത്.

എവിടെ മനസ് നിര്‍ഭയവും ശിരസ് ഉന്നതവുമായിരിക്കുന്നുവോ... എവിടെ ഇടുങ്ങിയ ചിന്താഗതിയുടെ വേലിക്കെട്ടുകള്‍ മനുഷ്യനെ തമ്മില്‍ വേര്‍തിരിക്കാതിരിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിലേക്ക് പ്രഭോ എന്റെ രാജ്യത്തെ ഉയര്‍ത്തേണമേ എന്നാണ് സ്വാതന്ത്ര്യസമര ഘട്ടത്തില്‍ രബീന്ദ്രനാഥ ടാഗോര്‍ പ്രാര്‍ത്ഥിച്ചിരുന്നത്. എന്നാലിപ്പോള്‍ മതപരമായ ചിന്താഗതിയുടെ വേലിക്കെട്ടുകളിലേക്ക് മനുഷ്യരെ തളക്കാന്‍ വ്യത്യസ്ത മത വിഭാഗങ്ങളിലെ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നുവെന്നത് നാം കാണേണ്ടതുണ്ട്.

നവോത്ഥാന കാലഘട്ടത്തില്‍ നാം നേടിയെടുത്ത ജാതി മത ചിന്തകള്‍ക്കതീതമായ സാംസ്‌കാരിക മൂല്യങ്ങള്‍ തകരുകയാണോ..? മത വര്‍ഗ്ഗീയതയും ജാതി ഉച്ഛനീചത്വങ്ങളും കേരളീയരുടെ മനസിനെയും സ്വാധീനിക്കുന്നുണ്ടോ...? കഴിഞ്ഞ ദിവസം ഇതുപോലൊരനുഭവം കരിവള്ളൂരിലെ പൂരക്കളി കലാകാരനായ വിനോദിന് ഉണ്ടായി. വിനോദിന്റെ മകന്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്നതിനാല്‍ അത്തരമൊരു വീട്ടില്‍ നിന്ന് വരുന്നയാളെ ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുപ്പിക്കില്ലെന്നും പെണ്‍കുട്ടിയെ പറഞ്ഞ് വിട്ട ശേഷം മാത്രമേ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയു എന്ന ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം നിസാരമായി കാണേണ്ടതല്ല. എത്രമാത്രം മനുഷ്യമനസുകള്‍ തമ്മില്‍ വേര്‍പെടുന്നുവെന്നതിന്റെ പ്രാഥമിക സൂചനയാണിത്. ഇതവസാനിപ്പിച്ചില്ലെങ്കില്‍ കേരളവും ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ പോലെ കടുത്ത മതസ്പര്‍ദ്ദ, ദളിത് വിരോധം, തെട്ടുകൂടായ്മ, താഴ്ന്ന ജാതിക്കാരോടുള്ള അവഗണന തുടങ്ങിയ അവസ്ഥയിലേക്ക് അതിവേഗം തിരിച്ച് പോവും.

അതു കൊണ്ട് ഈ അപായസൂചനകള്‍ കാണാനും അതിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്താനും മലയാളികള്‍ക്ക് കഴിയണം. നമ്മുക്ക് മറ്റ് പ്രദേശങ്ങള്‍ക്ക് മാതൃകയാവാന്‍ കഴിയണം. മതപരമായ ആചാരാനുഷ്ടാനങ്ങള്‍ ഓരോ മനുഷ്യരുടേയും സ്വകാര്യ ആവശ്യകതകളാണ്. എന്നാല്‍ അവയില്‍ എത്രമാത്രം സൗഹൃദം ചേര്‍ക്കാന്‍ കഴിയും എന്നാണ് നാം നോക്കേണ്ടത്. ഉദാഹരണത്തിന് കലാ സാംസ്‌കാരിക പരിപാടികളില്‍ ഇതര മതസ്തരെ കൂടെ പങ്കെടുപ്പിക്കുന്നത് മതപരമായ വലിയ ഐക്യത്തിന് കാരണമാവും. നവോത്ഥാന കാലം മുതല്‍ ഇത്തരം രീതികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ചുരുങ്ങിയപക്ഷം ദൈവത്തിന് മുന്നില്‍ എല്ലാ മനുഷ്യരും സമന്‍മാരാണ് എന്ന രീതിയില്‍ ചിന്തിക്കാനെങ്കിലും വിശ്വാസികള്‍ക്ക് കഴിയണം.

കഥകളി, ഭരതനാട്യം തുടടങ്ങിയ കലകള്‍ സ്വായത്തമാക്കാനും അവതരിപ്പിക്കാനും ജാതിമത ഭേതമന്യേ കലാകാരന്‍മാരും കലാകാരികളും മുന്നോട്ടുവരാറുണ്ട്. സംഗീതത്തിനും സാഹിത്യത്തിനും കലയ്ക്കും പ്രത്യേക ജാതിയുടേയും മതത്തിന്റെയും നിറംകൊടുക്കുന്നത് ഫ്യൂഡല്‍ കാലഘട്ടത്തിലെ വിവേചനത്തിന്റെ പ്രതിഫലനമാണ്. കലയോടുള്ള അപാരമായ ഭക്തിയുടെ ഭാഗമായാണ് ആ മേഖല അവര്‍ തെരഞ്ഞെടുക്കുന്നത് മന്‍സിയയുടെ ഭരതനാട്യം ഒരു ദൈവത്തിനും വിശ്വാസത്തിനും എതിരായി വരാന്‍ സാധ്യതയില്ല ദൈവത്തിന്റെ പേരില്‍ ഇത്തരം തെറ്റായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് സ്വാര്‍ഥതാല്‍പര്യക്കാരായ മനുഷ്യരാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും എല്ലാത്തിലും ഉപരിയായി മനുഷ്യ സ്‌നേഹത്തെ ഉയര്‍ത്തിക്കാട്ടാനും സ്‌നേഹപൂര്‍ണവും അന്തസ്സുറ്റതുമായൊരു സമൂഹം സൃഷ്ടിച്ചെടുക്കാനും എല്ലാവരും രംഗത്തിറങ്ങണം.

Next Story