Top

നിയന്ത്രണങ്ങളോടെ തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു

പ്രതിദിനം മുപ്പതിനായിരം പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കുക.

15 Nov 2021 12:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയന്ത്രണങ്ങളോടെ തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു
X

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വികെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങളില്‍ പലതിലും മാറ്റം വരുത്തിയിട്ടുണ്ട്.

ശബരിമലയില്‍ കുടിവെളളത്തിന്റേയും കുളിക്കാനുളള വെളളത്തിന്റേയും ലഭ്യതക്കുറവുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ അറിയിച്ചിരുന്നു.കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നല്‍കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്‌കൊണ്ടു തന്നെ അടുത്ത നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനം.

പ്രതിദിനം മുപ്പതിനായിരം പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കുക. മഴ ശക്തമായതിനാല്‍ പമ്പ സ്‌നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഭക്തര്‍ക്ക് പ്രവേശനം നല്‍കിയത്. തീര്‍ത്ഥാടനത്തിന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധന ഫലം അല്ലെങ്കില്‍ രണ്ടു ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്. തീര്‍ത്ഥാടനത്തിന് തിരിച്ചറിയല്‍ രേഖയായി ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് എന്നിവ ഉണ്ടായിരിക്കണം. പത്തുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ദര്‍ശനത്തിനെത്താം.

പമ്പ മുതല്‍ സന്നിധാനം വരെയുളള അഞ്ച് സ്ഥലങ്ങളിലായി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി സ്റ്റാഫ് നഴ്സുമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോട് കൂടിയ ഡിസ്പെന്‍സറികള്‍ സജ്ജമാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തീയേറ്ററും മൊബൈല്‍ മെഡിക്കല്‍ ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും വെന്റിലേറ്ററുകള്‍ സജ്ജമാക്കി. കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമുളള രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവും ലഭ്യമാണ്.

ഇന്ത്യയില്‍ എവിടെ നിന്നും വരുന്ന കാസ്പ് കാര്‍ഡുള്ള തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനത്തെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന എംപാനല്‍ ചെയ്ത എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്. തൊട്ടടുത്തുള്ള എംപാനല്‍ ചെയ്ത ആശുപത്രികള്‍ക്കായി ദിശ 1056 ല്‍ ബന്ധപ്പെടാവുന്നതാണ്. എല്ലാ ഭാഷകളിലും ആരോഗ്യ വകുപ്പ് അവബോധം പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. 231 കെഎസ്ആര്‍ടിസി ബസുകളാണ് ശബരിമലയിലേക്ക് സര്‍വീസ് നടത്തുക. ഓരോ പത്തുമിനിറ്റിലും 120 ബസുകള്‍ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസന് നടത്തും.

ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം വെളളം കയറിയിട്ടുണ്ട്. വെളളം കയറിയതിനാല്‍ പുനലൂര്‍- മൂവാറ്റുപുഴ , പന്തളം- പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിടുകയാണ്. ത്രിവേണിയില്‍ പമ്പാ നദി കരകവിഞ്ഞിട്ടുണ്ട്. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുകയാണ്. പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

Next Story